ഹീനമായ ആക്രമണ ദിവസം 'കാശ്മീർ' ചർച്ച, ഇന്ത്യക്കെതിരെ പാകിസ്ഥാന് വീണ്ടും തുർക്കിയുടെ പിന്തുണ

Thursday 24 April 2025 3:57 AM IST

അങ്കാറ: പഹൽഗാം ഭീകരാക്രമണത്തിൽ നിരപരാധികൾക്ക് ജീവൻ നഷ്ടപ്പെട്ടപ്പോൾ അന്നേ ദിവസം തുർക്കി പ്രസിഡന്റ് റെസെപ് തയ്യിപ് എർദോഗനുമായി 'കാശ്മീർ വിഷയം" ചർച്ച ചെയ്ത് പാകിസ്ഥാൻ. അങ്കാറയിൽ എർദോഗനുമായി നടന്ന കൂടിക്കാഴ്ചയ്ക്കിടെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വിഷയം ഉന്നയിച്ചെന്നാണ് റിപ്പോർട്ട്. കാശ്മീർ വിഷയത്തിൽ തുർക്കിയുടെ എല്ലാ പിന്തുണയും പാകിസ്ഥാനുണ്ടായിരിക്കുമെന്ന് എർദോഗാൻ ഉറപ്പ് നൽകി. ഷെരീഫ് നന്ദി അറിയിക്കുകയും ചെയ്തു.

കാശ്മീരിനെക്കുറിച്ചുള്ള പാകിസ്ഥാന്റെ വാദങ്ങളെ എർദോഗൻ മുമ്പും പിന്തുണച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇസ്ലാമാബാദ് സന്ദർശന വേളയിൽ എർദോഗൻ കാശ്മീർ വിഷയം ഉന്നയിച്ചിരുന്നു. കാശ്മീർ വിഷയം ഐക്യരാഷ്ട്രസഭയുടെ പ്രമേയം അനുസരിച്ച് ചർച്ചയിലൂടെയും കാശ്മീരിലെ ജനങ്ങളുടെ അഭിലാഷങ്ങൾ അനുസരിച്ചും പരിഹരിക്കണമെന്നും പറഞ്ഞു. എന്നാൽ, എർദോഗന്റെ പ്രസ്താവനയ്ക്ക് ഇന്ത്യ ശക്തമായ മറുപടി നൽകുകയും ചെയ്തിരുന്നു.

ജമ്മു കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഇന്ത്യയുടെ അഖണ്ഡതക്ക് നിരക്കാത്ത പ്രസ്താവന തള്ളിക്കളയുന്നുവെന്നും ഇന്ത്യ മറുപടി നൽകി. തുർക്കി അംബാസഡറെ പ്രതിഷേധം അറിയിക്കുകയും ചെയ്തു.