ചോക്സിയുടെ ജാമ്യാപേക്ഷ തള്ളി ബെൽജിയം കോടതി

Thursday 24 April 2025 2:58 AM IST

ബെൽജിയം: പഞ്ചാബ് നാഷണൽ ബാങ്ക് സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതി മെഹുൽ ചോക്സിയുടെ ജാമ്യാപേക്ഷ തള്ളി ബെൽജിയം കോടതി. മൂന്ന് ജഡ്ജിമാരടങ്ങുന്ന ബെഞ്ചിന്റേതാണ് തീരുമാനം. ആരോഗ്യം മോശമാണെന്നും കുടുംബത്തോടൊപ്പം കഴിയണമെന്നും ചോക്സി കോടതിയെ അറിയിച്ചിരുന്നു. കർശനമായ ജാമ്യ വ്യവസ്ഥകൾ ഉൾപ്പടെ പാലിക്കാൻ തയാറാണെന്നും അറിയിച്ചു. എന്നാൽ കോടതി ജാമ്യം നിഷേധിച്ചെന്ന് ചോക്സിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ വിജയ് അഗർവാൾ അറിയിച്ചു.

തട്ടിപ്പിനുശേഷം ചോക്സി ഇന്ത്യയിൽ നിന്ന് ആന്റിഗ്വയിലേക്കും ബാർബുഡയിലേക്കും കഴിഞ്ഞ വർഷം അവിടെ നിന്ന് ബെൽജിയത്തിലേക്കും കടന്നെന്ന് ഇന്ത്യയെ പ്രതിനിധീകരിച്ച പ്രോസിക്യൂട്ടർമാർ വാദിച്ചു. വിട്ടയച്ചാൽ വീണ്ടും ഓടിപ്പോകുമെന്നും കോടതിയെ അറിയിച്ചു.

ഇന്ത്യയുടെ വാദം കോടതിക്ക് ബോദ്ധ്യപ്പെട്ടെന്ന് ഉത്തരവിൽ പറയുന്നു. അദ്ദേഹത്തെ കൈമാറാൻ ശ്രമിക്കുന്ന ഇന്ത്യൻ ഏജൻസികളുടെ വലിയ വിജയമാണിതെന്ന് ഇന്ത്യൻ ഉദ്യോഗസ്ഥർ പ്രതികരിച്ചു.

ഇന്ത്യയുടെ ആവശ്യത്തെത്തുടർന്ന് കഴിഞ്ഞ ബെൽജിയം പൊലീസ് ചോക്സിയെ അറസ്റ്റ് ചെയ്തത്. 2017ൽ ആന്റിഗ്വ ആൻഡ് ബാർബുഡ പൗരത്വം സ്വന്തമാക്കിയ ചോക്സി ക്യാൻസർ ചികിത്സയ്ക്കായാണ് ഭാര്യ പ്രീതി ചോക്സിക്കൊപ്പം ബെൽജിയത്തിൽ എത്തിയത്. ഇന്ത്യൻ, ആന്റിഗ്വ ആൻഡ് ബാർബുഡ പൗരത്വങ്ങൾ മറച്ചുവച്ചാണ് ചോക്സി ബെൽജിയത്തിൽ താമസ പെർമിറ്റ് സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്.

ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ തനിക്ക് യാത്ര ചെയ്യാൻ ആകില്ലെന്നും ഇന്ത്യക്ക് കൈമാറരുതെന്നും ആവശ്യപ്പെട്ട് ചോക്സിയും നിയമ നടപടികൾ ആരംഭിച്ചിരുന്നു.