യു.എസ് ക്യാബിനറ്റ് അംഗത്തിനും രക്ഷയില്ല ക്രിസ്റ്റി നോമിന്റെ ബാഗുമായി മോഷ്‌ടാവ് മുങ്ങി
വാഷിംഗ്‌ൺ: യു.എസ് ക്യാബിനറ്റ് അംഗം. സദാസമയം സുരക്ഷ ഒരുക്കാൻ യു.എസ് സീക്രട്ട് സർവീസ്. എന്നിട്ടും രക്ഷയില്ല. ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് സെക്രട്ടറി (ഡി.എച്ച്.എസ്) ക്രിസ്റ്റി നോമിനെ കൊള്ളയടിച്ച വാർത്തയാണ് ഇപ്പോൾ ചർച്ച. അതും ഈസ്റ്റർ ദിനത്തിൽ. വാഷിംഗ്ടൺ ഡിസിയിൽ അത്താഴം കഴിക്കുന്നതിനിടെ നോയിമിന്റെ ബാഗും കൊണ്ട് ഒരാൾ കടന്നുകളഞ്ഞു. നോമിന്റെ ഡ്രൈവിംഗ് ലൈസൻസ്, മരുന്നുകൾ, അപ്പാർട്ട്‌മെന്റ് താക്കോലുകൾ, പാസ്‌പോർട്ട്, ഡി.എച്ച്.എസ് ആക്സസ് ബാഡ്ജ്, മേക്കപ്പ് ബാഗ്, ബ്ലാങ്ക് ചെക്കുകൾ, ഏകദേശം 3,000 ഡോളർ പണം എന്നിവ ബാഗിലുണ്ടായിരുന്നു. സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ റസ്റ്റോറന്റിലെ ക്യാമറ പരിശോധിച്ചപ്പോൾ മെഡിക്കൽ മാസ്‌ക് ധരിച്ച ഒരാൾ ബാഗുമായി റസ്റ്റോറന്റിൽ നിന്ന് പുറത്തേക്ക് പോകുന്നത് കണ്ടെത്തി.മോഷണം നടന്നെന്ന് ക്രിസ്റ്റി നോം സ്ഥിരീകരിച്ചു. സീക്രട്ട് സർവീസ് അന്വേഷണം ഊർജ്ജിതമാക്കി. മോഷണത്തിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളുണ്ടോ എന്ന് വ്യക്തമല്ല.സുരക്ഷാ വീഴ്ചയാണോയെന്ന് നിയമ നിർവഹണ വിദഗ്ദ്ധർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കിടെ ശ്രദ്ധ നേടിയ ആളാണ് നോം.
കുടുബാംഗങ്ങൾക്ക് ഈസ്റ്റർ സമ്മാനം വാങ്ങാനുള്ള പണമാണ് അവരുടെ പക്കലുണ്ടായിരുന്നത്
-ഡി.എച്ച്.എസ്
വക്താവ്