 അമിത് ഷായുടെ ഉറപ്പ് -- ആരെയും വെറുതേവിടില്ല

Thursday 24 April 2025 12:41 AM IST

ന്യൂഡൽഹി : വികാരപരമായിരുന്നു ശ്രീനഗർ പൊലീസ് കൺട്രോൾ റൂം പരിസരത്ത് ഒരുക്കിയ പൊതുദർശനം. പഹൽഗാം ഭീകരാക്രമണത്തിലെ ഇരകൾക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ അന്തിമോപചാരം അർപ്പിച്ചു.

കുറ്റവാളികളെ വെറുതെ വിടില്ലെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഷാ ഉറപ്പുനൽകി. കുഞ്ഞുങ്ങളെ അദ്ദേഹം ചേർത്തുപിടിച്ചു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ബന്ധുക്കൾ വേദന പങ്കുവച്ചത്. പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ടവരുടെ വേദന ഓരോ ഇന്ത്യക്കാരനും അനുഭവിക്കുകയാണെന്ന് ഷാ ആശ്വസിപ്പിച്ചു. വാക്കുകളാൽ പറഞ്ഞറിയിക്കാൻ കഴിയുന്നതല്ല ഈ ദുഃഖം. ഭീകരതയ്‌ക്ക് മുന്നിൽ രാജ്യം മുട്ടുമടക്കില്ലെന്നും പറഞ്ഞു.

ഭീകരാക്രമണം നടന്ന ബൈസരൻ മേഖല അമിത് ഷാ സന്ദർശിച്ചു. ഹെലികോപ്റ്ററിലാണ് അവിടെയെത്തിയത്. ഉദ്യോഗസ്ഥർ സംഭവം വിശദീകരിച്ചു. ഉന്നത ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.