ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിൽ ഗായിക മൃദുല വാര്യർ
കോഴിക്കോട്: പഹൽഗാമിൽ ഭീകരരുടെ വെടിയുണ്ടകൾക്ക് ഇരയാവാതെ മടങ്ങിയെത്തിയതിൽ ആശ്വസിക്കുകയാണ് പ്രശസ്ത പിന്നണി ഗായികയും കോഴിക്കോട്ടുകാരിയുമായ മൃദുലവാര്യരും കുടുംബവും. ഒരു ദിവസം കൂടി തങ്ങിയിരുന്നെങ്കിൽ...
അഞ്ചുദിവസത്തെ യാത്രയിൽ അവസാന പോയിന്റ് പഹൽഗാമായിരുന്നു. ടൂർപാക്കേജ് സമയം തീർന്നതിനാൽ അവിടേക്ക് എത്താൻ കഴിഞ്ഞില്ല. തൊട്ടടുത്ത് ഒരുകിലോമീറ്റർ പരിധിയിൽ വരെയെത്തി. അവിടെ ടൂറിസ്റ്റുകളെക്കൊണ്ട് നിറഞ്ഞിരുന്നു.
കാശ്മീരിൽ നിന്ന് തിരിച്ചെത്തിയ മൃദുല കേരളകൗമുദിയോട് സംസാരിക്കുകയായിരുന്നു. 16നാണ് മൃദുലയും ഭർത്താവ് അരുണും മകളും അടങ്ങിയ കുടുംബം ഇപ്പോൾ താമസിക്കുന്ന തൃശൂരിലെ ഫ്‌ളാറ്റിലുള്ള നാല് കുടുംബങ്ങൾക്കൊപ്പം കാശ്മീരിലേക്ക് പോയത്. 21നാണ് ശ്രീനഗറിൽ നിന്നു മടങ്ങിയത്.
പഹൽഗാം കാണാതെ മടങ്ങിയതിന്റെ സങ്കടത്തിലായിരുന്നു എല്ലാവരും. പക്ഷേ, പിറ്റേദിവസം വാർത്തകൾ കേട്ട് നടുങ്ങിപ്പോയി.ആരോ മടക്കിത്തന്ന ജീവിതമാണെന്ന് മൃദുല.
ബ്ലസിയുടെ കളിമണ്ണിൽ ലാലി ലാലീ ലേലോ.. എന്ന പാട്ടായിരുന്നു മൃദുലയെ മലയാള സിനിമയിൽ പ്രശസ്തയാക്കിയത്. തുടർന്ന് ഇരുനൂറോളം ഗാനങ്ങൾ പാടി. 2023ലെ സ്റ്റേറ്റ് അവാർഡും നേടി. കോഴിക്കോട് കൊയിലാണ്ടി ചേലിയ സ്വദേശിയാണ് മൃദുല. ഇപ്പോൾ താമസം തൃശൂരിൽ.