പാകിസ്ഥാന്റെ ലക്ഷ്യങ്ങൾ
പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്ഥാന്റെ പങ്ക് സുവ്യക്തമാണ്. അതിന് തിരഞ്ഞെടുത്ത സാഹചര്യമാണ് വിലയിരുത്തേണ്ടത്. പാകിസ്ഥാൻ നിയന്ത്രിക്കുന്ന ഭീകരവാദ സംഘടനകളുടെ പ്രവർത്തനശൈലി ഈ സംഭവത്തിലും ഏതാണ്ട് വ്യക്തമാണ്. മതം നോക്കി, തിരിച്ചറിയൽ കാർഡ് നോക്കി മനുഷ്യരെ വെടിവച്ചുവീഴ്ത്തുന്നത് ലഷ്കർ ഇ-ത്വയ്ബയുടെ പതിവ് രീതിയാണ്. ഉത്തരവാദിത്വം ഏറ്റെടുത്തത് റെസിസ്റ്റൻസ് ഫ്രണ്ടാണെങ്കിലും പിന്നിൽ ലഷ്കറാണെന്നതിന് സംശയമില്ല.
പാകിസ്ഥാൻ രാഷ്ട്രീയമായും സാമ്പത്തികമായും സൈനികമായും ഏറ്റവും ദുർബലാവസ്ഥയിലാണിപ്പോൾ. ബലൂചിസ്ഥാനിലും അഫ്ഗാൻ അതിർത്തിയിലും സ്ഥിതിഗതികൾ സങ്കീർണമാണ്. പാക്- താലിബാൻ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ വേറെ. പാകിസ്ഥാൻ സൈന്യത്തിന്റെ പ്രതിഛായ ഇത്രത്തോളം മോശമായ കാലമുണ്ടായിട്ടില്ല. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ഭാരതത്തിലും കാശ്മീരിലും പലതരത്തിലുള്ള ഭീകരവാദ പ്രവൃത്തികൾ പാക് സൈന്യം പരോക്ഷമായി ചെയ്യാറുണ്ട്. ഇന്ത്യ അതിനോട് കടുത്ത രീതിയിൽ പ്രതികരിക്കുകയും ചെയ്യും. അപ്പോൾ പാക് ജനതയുടെ ശ്രദ്ധ മുഴുവൻ സൈന്യത്തിലേക്കും അതിർത്തിയിലേക്കും മാറും. തത്കാലത്തേക്കെങ്കിലും സൈന്യത്തിന്റെ പ്രതിഛായ വീണ്ടെടുക്കാനുള്ള പാക് കുതന്ത്രമാണത്. കൃത്യമായ ഇടവേളകളിൽ ഇത് ആവർത്തിക്കാറാണ് പതിവ്. മുൻകാലങ്ങളിൽ 15 വർഷത്തിനിടെ വലിയ ഭീകരാക്രമണങ്ങൾ പതിവായിരുന്നു. കുറേക്കാലമായി നാല്- അഞ്ച് വർഷങ്ങൾക്കിടെ ഇത് സംഭവിക്കുന്നു.
രാഷ്ട്രീയത്തിലും ബിസിനസിലും മറ്റും ഇടപെടുന്ന സംവിധാനമായി പാക് സൈന്യം പണ്ടേ മാറിക്കഴിഞ്ഞു. ഈ മുഖം മാറ്റാനുള്ള ശ്രമത്തിന്റെ സൂചനയായിരുന്നു ഏതാനും ദിവസങ്ങൾക്ക് മുമ്പ് പാക് കരസേനാധിപൻ ജനറൽ ആസിഫ് മുനീർ വിദേശ പര്യടനത്തിനിടെ കാശ്മീരിനെക്കുറിച്ചും ഇന്ത്യയെക്കുറിച്ചും മറ്റും നടത്തിയ അഭിപ്രായപ്രകടനങ്ങൾ. എന്തുസംഭവിച്ചാലും കാശ്മീർ വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം പാക് വംശജരുടെ യോഗത്തിൽ പ്രഖ്യാപിച്ചു. ഇതിനെല്ലാം പുറമേ, ജനകീയനായ മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇപ്പോഴും ജയിലിലാണ്. ഇമ്രാനും സൈന്യവും തമ്മിൽ വലിയ ഭിന്നതകളുണ്ട്. ഇങ്ങനെ പ്രതിസന്ധികളുടെ ഊരാക്കുടുകളിലാണ് പാക് സർക്കാരും സൈന്യവും.
ഇന്ത്യൻ കാശ്മീരിന്റെ ഇന്നത്തെ അവസ്ഥ പാകിസ്ഥാനെ പ്രകോപിപ്പിക്കുന്നുണ്ട്. എല്ലാ രംഗത്തും കാശ്മീർ മുന്നേറുകയാണ്. കഴിഞ്ഞ വർഷം മാത്രം 2.53 കോടി വിനോദസഞ്ചാരികളാണ് ഇവിടേക്ക് പ്രവഹിച്ചത്. വലിയ മാറ്റങ്ങളാണ് ഇവിടെ സംഭവിക്കുന്നതെന്നും ലോകം മനസിലാക്കി കഴിഞ്ഞു. വികസനവും സമാധാനവും ഈ സുന്ദര ഭൂപ്രദേശത്തിലുണ്ട്. സ്വന്തം സർക്കാരിനെ തിരഞ്ഞെടുത്ത് ഭരണമേൽപ്പിച്ചു. എന്തിന് സിനിമാ ഷൂട്ടിംഗുകൾ പോലും കാശ്മീരിലേക്ക് തിരിച്ചെത്തി. ഫോർമുല കാർ റേസിംഗ് വരുന്നു. ജി 20 സമ്മേളനത്തിന് വേദിയായി. പ്രാദേശിക തീവ്രവാദം ഇല്ലാതായി. ഈ മുഖം തകർക്കൽ കൂടിയാണ് പഹൽഗാം ആക്രമണത്തിന്റെ പ്രധാന ലക്ഷ്യം.
മതം നോക്കി കൊലപാതങ്ങൾ നടത്തുന്നതിന് പിന്നിലും ഗൂഢമായ ഉദ്ദേശ്യങ്ങളുണ്ട്. ഈ സാഹചര്യം ഭാരതത്തിൽ വിദ്വേഷം വളർത്താനും സംഘർഷങ്ങൾക്കും ഇടവരുത്തുമെന്നാകും അവരുടെ കണക്കുകൂട്ടലുകൾ. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഒരിക്കലും ഒരുവിധത്തിലുള്ള യോജിപ്പ് ഉണ്ടാകില്ലെന്നും ഹിന്ദുക്കളും തങ്ങളും ഒരുവിധത്തിലും ഇണങ്ങുന്നവരല്ലെന്നും ജനറൽ ആസിഫ് മുനീർ സൂചിപ്പിക്കുകയും ചെയ്തത് വെറുതേയല്ല. മതം നോക്കി നമ്മുടെ പൗരന്മാരെ വെടിവച്ചുവീഴ്ത്തിയത് ഇവിടെ ജനങ്ങൾ തമ്മിൽ സംഘർഷമുണ്ടാകണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ്.
ഇന്ത്യ ഈ സംഭവത്തോട് എങ്ങനെ പ്രതികരിക്കുമെന്നാണ് ലോകം വീക്ഷിക്കുന്നത്. എപ്പോഴൊക്കെ ഇത്തരം സംഭവങ്ങളുണ്ടായാലും ശക്തമായി തിരിച്ചടിക്കുക മോദി സർക്കാരിന്റെ രീതിയാണ്. ഉറിയിലും പുൽവാമയിലും അതുകണ്ടു. പാകിസ്ഥാനിൽ കാശ്മീരുമായി ബന്ധമില്ലാത്ത ബാലാകോട്ടിലായിരുന്നു പുൽവാമയ്ക്ക് ശേഷം ഇന്ത്യയും ആക്രമണം. മറ്റൊരു പ്രധാനകാര്യം ഉറിയിലും പുൽവാമയിലും സൈനികരെയാണ് ഭീകരർ വകവരുത്തിയത്. പഹൽഗാമിൽ നിരായുധരായ വിനോദസഞ്ചാരികളെയാണ്. അവരെ മതം നോക്കി വധിച്ചിട്ടുണ്ടെങ്കിൽ തിരിച്ചടി ഉറപ്പാണ്. ഇത്തരം സംഭവങ്ങളിലെ പ്രതികരണങ്ങൾ സംബന്ധിച്ച് വ്യക്തമായ ധാരണകൾ സേനകൾക്കുമുണ്ടാകും. അത് എപ്പോൾ, എങ്ങനെ, എവിടെ നടക്കുമെന്ന് മാത്രമേ അറിയാനുള്ളൂ. അക്കാര്യം പാകിസ്ഥാനും ബോദ്ധ്യമുള്ള കാര്യമാണ്.