കളിചിരിയുടെ അവസാന വീഡിയോ പുതുമോടി മാറും മുമ്പേ ശുഭം മടങ്ങി
ശ്രീനഗർ: ഇക്കഴിഞ്ഞ ഫെബ്രുവരി 12നായിരുന്നു ശുഭം ദ്വിവേദിയുടെ (31) വിവാഹം. പുതുമോടി മാറുന്നതിന് മുമ്പാണ് ഭാര്യ ഐഷാന്യ ദ്വിവേദിയെ ഒറ്റയ്ക്കാക്കി ശുഭം മടങ്ങിയത്. ഐഷാന്യയുടെ മുമ്പിൽ വച്ചാണ് ഭീകരർ ശുഭത്തിന് നേരെ നിറയൊഴിച്ചത്.
ഭാര്യയും അച്ഛനും അമ്മയും ഉൾപ്പെടെ 11 പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് 17ന് ശുഭം കാശ്മീരിലെത്തിയത്. ശുഭത്തിന്റെ ചേതനയറ്റ ശരീരത്തെ ചേർത്തുപിടിച്ച് ഐഷാന്യ തന്നെയും കൊല്ലൂവെന്ന് ഭീകരരോട് കേണപേക്ഷിച്ചെങ്കിലും നിന്നെ വധിക്കില്ലെന്നും നിങ്ങളോട് എന്താണ് ഞങ്ങൾ ചെയ്തതെന്ന് നിങ്ങളുടെ സർക്കാരിനോട് പറയണമെന്നും ഭീകരർ ആവശ്യപ്പെട്ടതായി ഐഷാന്യയോട് സംസാരിച്ച ബന്ധു മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ, ഭീകരാക്രമണം നടന്നതിന്റെ തലേദിവസം ഹോട്ടൽ മുറിയിൽ കുടുംബാംഗങ്ങളുമൊത്ത് കളിചിരികളുമായി സമയം ചെലവഴിക്കുന്ന ശുഭത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ‘തമാശ നിറഞ്ഞ രാത്രികൾ’ എന്ന കുറിപ്പോടെ ശുഭത്തിന്റെ ഭാര്യയാണ് സമൂഹമാദ്ധ്യമത്തിൽ വീഡിയോ പങ്കുവച്ചത്.
ബുധനാഴ്ച നാട്ടിലേക്ക് മടങ്ങേണ്ടിയിരുന്ന കുടുംബം കാശ്മീരിലെ മറ്റുവിനോദ സഞ്ചാരകേന്ദ്രങ്ങളെല്ലാം സന്ദർശിച്ച് ഏറ്റവും അവസാനമാണ് പഹൽഗാമിലെ ബൈസരൻ വാലിയിലെത്തിയത്.