സഞ്ചാരിയുടെ ജീവൻ രക്ഷിച്ചു, അവൻ തിരികെ വരുമെന്ന് കരുതി: ആദിലിന്റെ അമ്മ, കൊല്ലപ്പെട്ട ഏക മുസ്ളിം

Thursday 24 April 2025 1:31 AM IST

ശ്രീനഗർ: ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് പതിവുപോലെ സഞ്ചാരികളെത്തേടി മകൻ സയ്യിദ് ആദിൽ ഹുസൈൻ ഷാ വീട്ടിൽനിന്നു പുറപ്പെട്ടു. എന്നത്തേയും പോലെ

തിരികെ വരുമെന്ന പ്രതീക്ഷയിൽ വീട്ടിൽ വൃദ്ധരായ മാതാപിതാക്കളും ഭാര്യയും കുട്ടികളും. കാശ്മീരി കുടുംബത്തിന്റെ ഏക അത്താണി. ഭീകരരിൽ നിന്ന് സഞ്ചാരിയുടെ ജീവൻ രക്ഷിക്കുന്നതിനിടെയാണ് ആദിൽ വെടിയേറ്റ് മരിച്ചത്. ഭീകരാക്രമണത്തിൽ മരിച്ച ഏക മുസ്ളിം കൂടിയാണ് ആദിൽ.

പഹൽഗാമിലെ ബൈസരൺവാലിയിലേക്ക് സഞ്ചാരികളെ കുതിരപ്പുറത്ത് എത്തിക്കുന്ന ജോലിയായിരുന്നു 28കാരനായ ആദിലിന്.

ബൈസരൻ പുൽമേട്ടിലേക്ക് സഞ്ചാരികളെ കുതിരപ്പുറത്ത് കൊണ്ടുപോകുന്നതിനിടെയാണ് ഭീകരാക്രമണമുണ്ടായത്. ഓടിമാറാൻ പോലും കഴിഞ്ഞില്ല. ആദിൽ തോക്ക് തട്ടിത്തെറിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഭീകരൻ ആദിലിന് നേരെ വെടിയുതിർത്തിരുന്നു.

'ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് ആക്രമണത്തെക്കുറിച്ച് അറിഞ്ഞത്. അവനെ വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു. വൈകിട്ട് 4.30ന് അവന്റെ ഫോൺ ഓണായി. പക്ഷേ എത്ര വിളിച്ചിട്ടും കിട്ടിയില്ല. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തി അന്വേഷിച്ചപ്പോഴാണ് അവൻ ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന്

അറിഞ്ഞത്. അവൻ തിരികെ വരുമെന്ന് പ്രതീക്ഷിച്ചു"- നിറകണ്ണുകളോടെ ആദിലിന്റെ മാതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

'എന്റെ മകൻ രക്തസാക്ഷിയായി. ഞങ്ങളുടെ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു. ഞങ്ങൾക്ക് നീതി വേണം. അവൻ പാവമാണ്. എന്തിനാണ് അവനെ കൊന്നുകളഞ്ഞത്? ഉത്തരവാദികളായവരെ ശിക്ഷിക്കണം"- ആദിലിന്റെ പിതാവ് പറഞ്ഞു.

പഹൽഗാമിൽ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ നടന്ന ആദിലിന്റെ സംസ്‌കാര ചടങ്ങിൽ ജമ്മുകാശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ളയും പങ്കെടുത്തു. ആദിലിന്റെ കുടുംബത്തിന് എല്ലാ പിന്തുണയും ഒമർ വാഗ്ദാനം ചെയ്തു.