അപലപിച്ച് സുപ്രീംകോടതിയും

Thursday 24 April 2025 1:41 AM IST

ന്യൂഡൽഹി : ബൈസരനിലെ ഭീകരാക്രമണത്തെ അപലപിച്ച് സുപ്രീംകോടതിയും. മാനവിക മൂല്യങ്ങൾക്കെതിരെയുള്ള പ്രവൃത്തിയെന്ന് ഫുൾ കോർട്ട് ചേർന്ന് പ്രമേയം പാസാക്കി. ജീവൻ പൊലിഞ്ഞ നിരപരാധികൾക്ക് ആദരാഞ്ജലി അർപ്പിക്കുന്നു. വിവരണാതീതമായ ദുഃഖത്തിന്റെ ഈസമയത്ത് രാഷ്ട്രം ഇരകളോടും അവരുടെ കുടുംബങ്ങളോടും ഒപ്പം നിൽക്കുന്നു. കടുത്ത ഭാഷയിൽ ആക്രമണത്തെ അപലപിക്കുകയാണെന്നും പ്രമേയത്തിൽ വ്യക്തമാക്കി. ഇതിനിടെ, ജമ്മു കാശ്‌മീരിലെത്തുന്ന ടൂറിസ്റ്റുകൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. വിശാൽ തിവാരി സുപ്രീംകോടതിയിൽ പൊതുതാത്പര്യഹർജി സമർപ്പിച്ചു.

 മൗനം ആചരിച്ചു

ഇന്നലെ ഉച്ചയ്‌ക്ക് രണ്ടിന് സുപ്രീംകോടതി ഒന്നാകെ രണ്ട് മിനുട്ട് മൗനം ആചരിച്ചു. മൗനാചരണം തുടങ്ങാനും അവസാനിപ്പിക്കാനും പ്രത്യേക സൈറൺ മുഴക്കി. എല്ലാ കോടതികളിലും ജഡ്‌ജിമാർ, അഭിഭാഷകർ, കോടതി ജീവനക്കാർ എന്നിവർ ആ സമയം എഴുന്നേറ്റു നിന്നു രാജ്യത്തിനും ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സുപ്രീംകോടതി വളപ്പിൽ അഭിഭാഷകർ ഒത്തുകൂടി സംഭവത്തെ അപലപിച്ചു.