കുറിച്ചി അദ്വൈത വിദ്യാശ്രമം സ്‌കൂളിന് പുതിയ മുഖം

Thursday 24 April 2025 1:43 AM IST
കുറിച്ചി അദ്വൈത വിദ്യാശ്രമം നവതി സ്മാരക സമുച്ചയത്തിന് മുൻപിൽ സ്വാമി വിശാലാനന്ദ

നവതി സമുച്ചയ സമർപ്പണം 29ന് മുഖ്യമന്ത്രി

കോട്ടയം: സ്വാമി ശ്രീനാരായണ തീർത്ഥർ ആരംഭിച്ച കുറിച്ചി അദ്വൈത വിദ്യാശ്രമം സ്‌കൂളിന് പ്രൗഢഗംഭീരമായ പുതിയ മുഖം. നവതി പിന്നിട്ട സ്കൂൾ 8 കോടി രൂപ ചെലവഴിച്ചാണ് നവീകരിച്ചത്. നവതി സ്‌മാരക സമുച്ചയത്തിന്റെ സമർപ്പണം 29ന് വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇതിന്റെ ഭാഗമായി 27 മുതൽ 29 വരെ വിപുലമായ ആഘോഷമാണ് സംഘടിപ്പിക്കുന്നത്.

27ന് രാവിലെ 10ന് വിദ്യാഭ്യാസ കോൺക്ളേവ് ജ്യോതിസ് മോഹൻ ഐ.ആർ.എസ് ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠത്തിലെ സ്വാമി അദ്വൈതാനന്ദ അദ്ധ്യക്ഷത വഹിക്കും. ഡോ.എം.വി.നടേശൻ മുഖ്യപ്രഭാഷണം നടത്തും. സ്വാമി അംബികാനന്ദ സ്വാഗതം പറയും. ഉച്ചയ്ക്ക് രണ്ടിന് പ്രേംലാൽ വൈക്കം നയിക്കുന്ന സെമിനാർ. സ്വാമി ജ്ഞാനതീർത്ഥർ നന്ദിയും പറയും.

28ന് രാവിലെ 5.30ന് സ്വാമി ശ്രീനാരായണ തീർത്ഥർ സമാധി സ്മൃതി സമാരാധന, 10ന് കലോത്സവം, ഉച്ചയ്ക്ക് 2.30ന് പൂർവ അദ്ധ്യാപക, വിദ്യാർത്ഥി കുടുംബ സംഗമം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി വിശാലാനന്ദ അദ്ധ്യക്ഷത വഹിക്കും. സി.കെ.കുര്യാക്കോസ് മുഖ്യസന്ദേശം നൽകും. സ്വാമി ദേവാത്മാനന്ദ മുഖ്യപ്രഭാഷണം നടത്തും.

29ന് രാവിലെ 10.30ന് സ്വാമി ശ്രീനാരായണ തീർത്ഥർ സമാധി സമ്മേളനവും മഹായതി പൂജയും ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് മുൻപ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ട്രഷറർ സ്വാമി ശാരദാനന്ദ യതിപൂജ വിശദീകരിക്കും. ആലുവ അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ, സജീവൻ തന്ത്രി, എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, സെക്രട്ടറി സുരേഷ് പരമേശ്വരൻ, ചാണ്ടി ഉമ്മൻ എം.എൽ.എ, വിഷ്ണുഭക്തൻ, കെ. മുരളീധരൻ, പി.എസ്.ബാബുറാം എന്നിവർ സംസാരിക്കും. സ്വാമി വിശാലാനന്ദ സ്വാഗതവും സ്വാമി അസംഗാനന്ദഗിരി നന്ദിയും പറയും.

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന നവതിസമ്മേളനത്തിൽ ധർമ്മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. മന്ത്രി വി.എൻ.വാസവൻ മുഖ്യാതിഥിയായിരിക്കും. കുറിച്ചി ആശ്രമം സെക്രട്ടറി സ്വാമി വിശാലാനന്ദ റിപ്പോർട്ട് അവതരിപ്പിക്കും. സ്വാമി ശാരദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ വിശിഷ്ടാതിഥിയായിരിക്കും. മുഖമണ്ഡപ സമർപ്പണം കെ.ജി ബാബുരാജൻ നിർവഹിക്കും. മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ, എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ധർമ്മസംഘം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതവും സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു നന്ദിയും പറയും.

രണ്ട് നിലകളിലായാണ് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം. കോട്ടയം,​ ആലപ്പുഴ ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ആശ്രയമാണിത്.

സ്വാമി വിശാലാനന്ദ, സ്കൂൾ കോർപ്പറേറ്റ് മാനേജർ, ആശ്രമം സെക്രട്ടറി