8 വർഷമായി മകനെയും മരുമകളേയും കാത്തിരുന്ന പിതാവും യാത്രയായി

Thursday 24 April 2025 1:44 AM IST
അറുപറയിൽ നിന്നു കാണാതായ ഹാഷിം ഹബീബ ദമ്പതികൾ

കോട്ടയം: കോട്ടയം താഴത്തങ്ങാടിയിൽ നിന്നും എട്ടുവർഷം മുമ്പ് കാണാതായ മകനും മരുമകളും തിരിച്ചു വരുമെന്ന പ്രതീക്ഷയോടെ കാത്തിരുന്ന ബാപ്പ ഒറ്റകണ്ടത്തിൽ അബ്ദുൾ ഖാദർ (84)​യാത്രയായി. ദമ്പതികളെക്കുറിച്ച് ലോക്കൽ പൊലീസും ക്രൈബ്രാഞ്ചും അന്വേഷണം നടത്തിയിട്ടും കണ്ടെത്താനായില്ല. അന്യ സംസ്ഥാനങ്ങളിലെ വിവിധ മതകേന്ദ്രങ്ങളിലും തെരഞ്ഞു. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് അബ്ദുൾഖാദർ ഹൈക്കോടതിയെയും സമീപിച്ചിരുന്നു. 'ദമ്പതികളെ 'കാൺമാനില്ല' എന്ന പരസ്യം കഴിഞ്ഞ വർഷം ക്രൈംബ്രാഞ്ച് വീണ്ടും നൽകിയെങ്കിലും ഇരുവരും മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്നതിൽ ദുരൂഹത തുടരുകയാണ്.

2017 ഏപ്രിൽ ആറിന് സന്ധ്യയോടെയായിരുന്നു താഴത്തങ്ങാടി അറുപറയിൽ നിന്നും ഹാഷിം, ഹബീബ ദമ്പതികളെ കാണാതായത്. ഭക്ഷണം വാങ്ങാൻ പുറത്തു പോകുന്നുവെന്നായിരുന്നു മക്കളോട് പറഞ്ഞത്. രാത്രി വൈകിയിട്ടും തിരികെ എത്താതിരുന്നതിനെ തുടർന്ന് അബ്‌ദുൾ ഖാദർ പൊലീസിൽ പരാതി നൽകി.ഡ്രൈവിംഗ് ലൈസൻസ്, മൊബൈൽ ഫോൺ, എ.ടി.എം കാർഡ് എന്നിവയൊന്നും കൊണ്ടുപോകാതിരുന്നത് സംശയം ഉയർത്തിയിരുന്നു.

ഇരുവരും സ‍ഞ്ചരിച്ച വാഗൺ ആർ കാർ കണ്ടെത്താൻ ക്രൈംബ്രാഞ്ച് എസ്.പി.യുടെയും ഡി.വൈ.എസ്.പിയുടെയും നേതൃത്വത്തിലുള്ള സംഘം മറിയപ്പള്ളിയിലെ വലിയ പാറക്കുളം വറ്റിച്ച് തിരച്ചിൽ നടത്തിയിരുന്നു. ദമ്പതികളെ ചില സംഘങ്ങൾ കണ്ടെയ്നറിൽ കയറ്റികൊണ്ടുപോയി മതപ്രചാരണത്തിന് ഉപയോഗിക്കുകയാണെന്ന അഭ്യൂഹം ചിലർ പരത്തിയെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. അബ്ദുൾ ഖാദർ അവസാന കാലത്ത് മകൾക്കൊപ്പം ചങ്ങനാശേരിയിലായിരുന്നു താമസം. ഇന്നലെ താഴത്തങ്ങാടി ജുമാമസ്ജിദിൽ കബറടക്കം നടത്തി

ഞാൻ കോട്ടയം ജില്ലാ പൊലീസ് മേധാവിയായിരുന്നപ്പോൾ വിശദമായ അന്വേഷണം നടത്തിയിരുന്നു. അവർ ജീവിച്ചിരിപ്പുണ്ടെന്ന വിശ്വാസമാണ് ഇപ്പോഴുമുള്ളത്.

എൻ.രാമചന്ദ്രൻ

മുൻ ജില്ലാ പൊലീസ് മേധാവി