സല്യൂട്ട്, പൊലീസ്
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: 24 മണിക്കൂറിന് മുന്നേ പ്രതിയെ പിടികൂടി പൊലീസ്
കോട്ടയം: പൊലീസ് തുനിഞ്ഞിറങ്ങിയാൽ ഏത് ക്രിമിനലും അകത്താകുമെന്നതിന്റെ തെളിവാണ് തിരുവാതുക്കലെ ഇരട്ടക്കൊലക്കേസ് പ്രതി അസാം സ്വദേശി അമിതിന്റെ അറസ്റ്റ്. സംഭവം പുറത്തറിഞ്ഞ് 24 മണിക്കൂർ തികയും മുന്നേ പ്രതികളെ പിടികൂടിയ ജില്ലാ പൊലീസ് ടീമിന്റെ മികവിന് കൈയടിക്കുകയാണ് എല്ലാവരും. ഒരു പറ്റം പൊലീസ് ഉദ്യോഗസ്ഥർ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചതിനാലാണ് പ്രതിയെ ഇത്രപെട്ടെന്ന് അകത്താക്കാൻ കഴിഞ്ഞത്.
കഴിഞ്ഞദിവസം രാവിലെ 9.30ഓടെ ആയിരുന്നു നാടിനെ നടുക്കിയ സംഭവം പുറത്തറിഞ്ഞത്. വിവരം അറിഞ്ഞ ഉടൻതന്നെ പൊലീസ് സ്ഥലത്ത് എത്തി. ഗേറ്റ് പൂട്ടി കൂടുതൽ ആളുകൾ അകത്ത് കടന്ന് തെളിവ് നശിക്കാനുള്ള സാഹചര്യം ഒഴിവാക്കി. തുടർന്ന് ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. ഊണും ഉറക്കവും ഉപേക്ഷിച്ച് സൈബർ വിഭാഗം ഉൾപ്പെടെയുള്ള ഒരു സംഘം പൊലീസുകാർ പ്രതിയുടെ വിവരങ്ങൾ ശേഖരിച്ചു. ആയിരത്തിലേറെ സി.സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. വീടുമായി ബന്ധപ്പെട്ട് നിൽക്കുന്നവരെ ചോദ്യംചെയ്തു. സമാന കുറ്റകൃത്യങ്ങൾ ചെയ്തവരുടെ പട്ടിക തയ്യാറാക്കി. ഒടുവിൽ അമിത് മാത്രമാണെന്ന് കൃത്യത്തിന് പിന്നിലെന്ന് ഉറപ്പിക്കുകയായിരുന്നു.
പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ കോട്ടയം ഡിവൈ. എസ്. പി. അനീഷ് കെ. ജി, കോട്ടയം വെസ്റ്റ് എസ്.എച്ച്. ഒ. പ്രശാന്ത് കുമാർ, ഈസ്റ്റ് എസ്.എച്ച്.ഒ യു.ശ്രീജിത്ത്, ഗാന്ധിനഗർ എസ്. എച്ച്.ഒ ടി. ശ്രീജിത്ത് ,എസ്.ഐ. മാരായ അനുരാജ്, ബൈജു, വിദ്യ, സൈബർ സെൽ പൊലീസ് ഉദ്യോഗസ്ഥരായ ജോർജ്, ശ്യാം, സുബിൻ എന്നിവരും ഉണ്ടായിരുന്നു.