സമ്മതമില്ലാതെ അർദ്ധനഗ്ന ചിത്രങ്ങളെടുത്തു; വ്ളോഗർ മുകേഷ് നായർക്കെതിരെ പോക്‌സോ കേസ്
തിരുവനന്തപുരം: വ്ളോഗർ മുകേഷ് നായർക്കെതിരെ പോക്‌സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് അർദ്ധനഗ്നയാക്കി ഫോട്ടോയെടുക്കുകയും സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് കേസ്. കുട്ടിയുടെ മാതാപിതാക്കളാണ് മുകേഷിനെതിരെ കോവളം പൊലീസിൽ പരാതി നൽകിയത്.
കോവളത്തെ റിസോർട്ടിൽ ഒന്നരമാസം മുൻപാണ് കേസിനാസ്‌പദമായ റീൽസ് ചിത്രീകരണം നടന്നത്. മുകേഷ് ഇതിൽ അഭിനയിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടിയെയും ഇവിടെ എത്തിച്ചിരുന്നു. കുട്ടിയുടെ സമ്മതമില്ലാതെ അർദ്ധനഗ്നയായുള്ള ഫോട്ടോകളെടുത്തു. ചിത്രീകരണ സമയത്ത് അനുമതിയില്ലാതെ കുട്ടിയുടെ ശരീരത്തിൽ സ്‌പർശിച്ചു. കുട്ടിയിൽ ഇത് മാനസികമായ പ്രശ്നങ്ങളുണ്ടാക്കുന്നതിന് കാരണമായെന്നാണ് പരാതിയിൽ പറയുന്നത്.
സംഭവത്തിൽ മുകേഷ് നായർക്കെതിരെ പോക്‌സോ കേസ് എടുത്ത പൊലീസ് പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് വ്യക്തമാക്കി.