ഇന്ത്യ സൈനിക തിരിച്ചടിക്ക് തയ്യാറെടുക്കുന്നു? ഐഎൻഎസ് സൂറത്തിൽ മിസൈൽ പരീക്ഷണം, പാകിസ്ഥാന് ഒരുമുഴം മുന്നേ

Thursday 24 April 2025 3:57 PM IST

ഗാന്ധിനഗർ: അറബിക്കടലിൽ വിജയകരമായി മിസൈൽ പരീക്ഷണം നടത്തി ഇന്ത്യൻ നാവികസേന. യുദ്ധക്കപ്പലായ ഐഎൻഎസ് സൂറത്ത് ആണ് മീഡിയം റേഞ്ച് സർഫസ് ടു എയർ മിസൈൽ (എംആർ-എസ്‌എ‌എം) പരീക്ഷണം വിജയകരമായി നടത്തിയത്.

പാകിസ്ഥാൻ നാവികസേന അറബിക്കടലിൽ നടത്താനിരുന്ന മിസൈൽ പരീക്ഷണത്തിന് മുന്നോടിയായാണ് ഇന്ത്യ വിജയകരമായി പരീക്ഷണം നടത്തിയത്. ഉപരിതല മിസൈലുകളെയും മറ്റ് വ്യോമാക്രമണങ്ങളെയും പ്രതിരോധിക്കാൻ ശേഷിയുള്ളവയാണ് എംആർ-എസ്‌എ‌എം മിസൈലുകൾ.

ഇന്ത്യൻ നാവികസേനയു‌ടെ ഏറ്റവും പുതിയ മിസൈൽ ഡിസ്‌ട്രോയർ കപ്പലിലൊന്നായ ആയ ഐഎൻഎസ് വിജയകരമായി നടത്തിയ മിസൈൽ പരീക്ഷണം രാജ്യത്തിന്റെ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ മറ്റൊരു നാഴികക്കല്ലാണെന്ന് ഇന്ത്യൻ നാവികസേന സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. തദ്ദേശീയ യുദ്ധക്കപ്പൽ രൂപകൽപ്പന, വികസനം, പ്രവർത്തനങ്ങൾ എന്നിവയിൽ ഇന്ത്യൻ നാവികസേനയുടെ വളർന്നുവരുന്ന പ്രാവീണ്യം ഈ നേട്ടം തെളിയിക്കുന്നു. കൂടാതെ പ്രതിരോധ നിർമ്മാണത്തിൽ സ്വാശ്രയത്വത്തിനായുള്ള രാജ്യത്തിന്റെ പ്രതിബദ്ധത അടിവരയിടുന്നുവെന്നും നാവികസേനയുടെ പ്രസ്താവനയിൽ പറയുന്നു.

പി15ബി ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ പ്രോജക്റ്റിലെ നാലാമത്തെയും അവസാനത്തെയും കപ്പലാണ് ഐഎൻഎസ് സൂറത്ത്. ലോകത്തിലെ ഏറ്റവും വലുതും ഏറ്റവും നൂതനവുമായ ഡിസ്ട്രോയറുകളിൽ ഒന്നാണിത്. ഐഎൻഎസ് സൂറത്തിന്റെ 75 ശതമാനവും തദ്ദേശീയമായി നിർമിച്ചതാണ്. കൂടാതെ അത്യാധുനിക ആയുധ-സെൻസർ പാക്കേജുകളും വിപുലമായ നെറ്റ്‌വർക്ക് കേന്ദ്രീകൃത സംവിധാനങ്ങളും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.