കന്നുകാലികൾ കുറയുന്നു, പദ്ധതികൾക്ക് പഞ്ഞമില്ല
കോട്ടയം: ജില്ലയിൽ കന്നുകാലികളുടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ വൻകുറവെന്ന് ലൈവ്സ്റ്റോക്ക് സെൻസസിൽ കണ്ടെത്തി. ചെലവ് കൂടി വരുമാനം കുറഞ്ഞതോടെ പലരും പശുവളർത്തൽ ഉപേക്ഷിക്കുകയാണ്.
2019 ൽ ജില്ലയിൽ 81074 പശുക്കൾ ഉണ്ടായിരുന്നത് 2024 ൽ 50495 ആയി കുറഞ്ഞു. 94968 ആടുകൾ 2019ൽ ഉണ്ടായിരുന്നത് 46078 ആടുകളായി കുറഞ്ഞു. നെൽ വയലുകളും പുൽമേടുകളും കുറഞ്ഞു. പച്ചപ്പുൽ, നെൽക്കൃഷി കുറഞ്ഞതോടെ പുല്ല്, കച്ചി വില ഉയർന്നു. കാലിത്തീറ്റ വിലയിലും വൻവർദ്ധനയാണ്. ഉത്പാദനം കുറഞ്ഞെങ്കിലും പാലിന്റെ വില ഉയരുന്നില്ല. നഷ്ടക്കച്ചവടമായെന്നാണ് കർഷകർ പറയുന്നത്. മദ്ധ്യവർഗ കുടുംബത്തിൽ പലരും ഉന്നത വിദ്യാഭ്യാസം നേടി വിദേശ രാജ്യങ്ങളിൽ ജോലിക്കായി ചേക്കേറിയതോടെ മാതാപിതാക്കൾ കാലി വളർത്തൽ ഉപേക്ഷിച്ചു.
കർഷകരുടെ കൈകളിലേക്കെത്തുന്നില്ല
കഴിഞ്ഞ അഞ്ചുവർഷം 50 കോടി രൂപയുടെ വിവിധ പദ്ധതികളാണ് മൃഗസംരക്ഷണ വകുപ്പ്, ക്ഷീര വകുപ്പ് ,തദ്ദേശ സ്ഥാപനങ്ങൾ എന്നിവർ ചെലവഴിച്ചത്. എന്നാൽ പദ്ധതി വിനിയോഗം ഫലപ്രദമാകാത്തതിനാൽ കർഷകരിലേക്കെത്തുന്നില്ല. തദ്ദേശ സ്ഥാപനങ്ങൾ വഴി പാവപ്പെട്ടവർക്ക് വ്യാപകമായി പശു, ആട്, വിതരണം നടത്തിയെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായില്ല. സൗജന്യമായും, സബ്സിഡി നിരക്കിലും ലഭിച്ച പശുവിനെയും ആടിനെയും പലരും വിറ്റ് കാശുവാങ്ങി. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഇതിന് കൂട്ടുനിന്നെന്നാണ് ആക്ഷേപം.
''മൃഗപരിപാലന മേഖലയിൽ സർക്കാർ ചെലവഴിച്ച പണം കർഷകരിൽ എത്താത്തത് സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണം. കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കണം.
എബി ഐപ്പ് (കർഷക കോൺഗ്രസ് ക്ഷീര സെൽ ജില്ലാ ചെയർമാൻ )
വിവിധ പദ്ധതികൾക്കായി ചെലവഴിച്ചത് 50 കോടി