മികവിന്റെ കേന്ദ്രങ്ങൾ സുപ്രധാന ചുവടുവയ്പ്പ് : മന്ത്രി ബിന്ദു

Friday 25 April 2025 12:50 AM IST

കോട്ടയം : സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാർ ആരംഭിക്കുന്ന മികവിന്റെ കേന്ദ്രങ്ങൾ കാലോചിത മാറ്റങ്ങളുടെ വഴിയിലെ സുപ്രധാന ചുവടുവയ്പ്പാണെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. എം.ജി സർവകലാശാലയിൽ സ്ഥാപിക്കുന്ന മികവിന്റെ കേന്ദ്രം കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ടെക്‌നോളജി ആൻഡ് ഇന്നവേഷന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവ‌ർ. ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മിഷൻ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ ആദ്യഘട്ടമായി ആരംഭിക്കുന്ന ഏഴു കേന്ദ്രങ്ങളിലൊന്നാണ് സർവകലാശാലയിലേത്. ശാസ്ത്ര സാങ്കേതിക വിദ്യകളിലെ അതിവേഗ മാറ്റങ്ങൾക്കൊത്ത് ഉന്നത വിദ്യാഭ്യാസ മേഖലയെയും ചിട്ടപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമാണിത്. ഇത്തരം കൂടുതൽ കേന്ദ്രങ്ങൾ സംസ്ഥാനത്ത് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി വി.എൻ. വാസവൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ് മുഖ്യപ്രഭാഷണണം നടത്തി. വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ, സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. റെജി സക്കറിയ, അഡ്വ. പി.ബി. സതീഷ് കുമാർ, ജില്ലാ പഞ്ചായത്ത് അംഗം ഡോ. റോസമ്മ സോണി, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, രജിസ്ട്രാർ ഡോ.ബിസ്മി ഗോപാലകൃഷ്ണൻ, ഡോ. ഇ.കെ. രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.