ബിഎസ്‌എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് പാകിസ്ഥാൻ; സംഭവം പഞ്ചാബ് അതിർത്തിയിൽ
ന്യൂഡൽഹി: ബിഎസ്‌എഫ് ജവാനെ പാകിസ്ഥാൻ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. പഞ്ചാബ് അതിർത്തിയിലാണ് സംഭവം. അതിർത്തി കടന്നുവെന്നാരോപിച്ചാണ് ജവാനെ പാക് റേഞ്ചേഴ്‌സ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. 182-ാം ബറ്റാലിയനിലെ കോൺസ്റ്റബിളായ പികെ സിംഗിനെയാണ് ഫിറോസ്‌പൂർ അതിർത്തിക്ക് സമീപത്ത് വച്ച് പിടികൂടിയത്. ജവാനെ വിട്ടുകിട്ടാനായി ഇരുസേനകളും തമ്മിൽ ചർച്ചകൾ നടക്കുന്നതായും റിപ്പോർട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. പഹൽഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യയ്‌ക്കും പാകിസ്ഥാനുമിടയിൽ നടപടികൾ ശക്തമാകുന്ന സാഹചര്യത്തിലാണ് ഈ വാർത്ത പുറത്തുവരുന്നത്. കസ്റ്റഡിയിലെടുക്കുന്ന സമയം ജവാൻ യൂണിഫോമിലായിരുന്നു. സർവീസ് റൈഫിളും കയ്യിലുണ്ടായിരുന്നു. അതിർത്തി കടന്ന് നീങ്ങിയ കർഷകർക്കൊപ്പം പോവുകയായിരുന്നു അദ്ദേഹം. സീറോ ലൈൻ കഴിഞ്ഞ് 30 മീറ്റർ അകലെ വച്ചാണ് ജവാനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് പരിശോധന നടത്തുകയും തോക്ക് അടക്കമുള്ളവ പിടിച്ചെടുക്കുകയും ചെയ്തു.