വന്ദേഭാരതും അമൃത് ഭാരതും ഓരോന്ന് വീതം, ആറ് മാസത്തിനകം കിട്ടാന്‍പോകുന്നത് ആറ് പുതിയ ട്രെയിനുകള്‍

Thursday 24 April 2025 7:27 PM IST

ന്യൂഡല്‍ഹി: ഉത്സവ സീസണുകളില്‍ ഒരു സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചാല്‍ തന്നെ യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാണ്. അപ്പോള്‍ പുതിയ ഒരു ട്രെയിന്‍ സ്ഥിരമായി അനുവദിച്ചാലുള്ള കാര്യം പറയേണ്ടതില്ല. അങ്ങനെയെങ്കില്‍ പുതിയതായി ലഭിക്കാന്‍ പോകുന്നത് ഒന്നും രണ്ടുമല്ല മറിച്ച് ആറ് പുതിയ ട്രെയിനുകള്‍ ആണെങ്കിലോ? അടുത്ത ആറ് മാസത്തിനകം വന്ദേഭാരതും അമൃത് ഭാരതും ഉള്‍പ്പെടെയാണ് ആറ് പുതിയ ട്രെയിനുകള്‍ ട്രാക്കിലേക്കിറങ്ങുന്നത്. ഏത് സംസ്ഥാനത്തിനാണ് ഇന്ത്യയില്‍ ഈ ഭാഗ്യം കിട്ടിയത് എന്നറിയാമോ?

എറണാകുളം - ബംഗളൂരു റൂട്ടില്‍ ഒരു വന്ദേഭാരത് കൂടി അനുവദിക്കണമെന്ന് കാലങ്ങളായി കേരളം ആവശ്യപ്പെടുന്നു. എന്നാല്‍ വിവിധ ന്യായങ്ങള്‍ പറഞ്ഞ് അത് നീട്ടിക്കൊണ്ട് പോകുന്ന ഇന്ത്യന്‍ റെയില്‍വേയാണ് ഇപ്പോള്‍ ബിഹാറിന് ആറ് പുതിയ സര്‍വീസുകള്‍ അനുവദിക്കാന്‍ ഒരുങ്ങുന്നത്. ന്യൂഡല്‍ഹി, പൂനെ, ഹൈദരാബാദ്, ബംഗളൂരു തുടങ്ങിയ വലിയ നഗരങ്ങളിലേക്കുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെയാണ് ബിഹാറിന് അനുവദിക്കാന്‍ പോകുന്നത്.

ഒരു വന്ദേഭാരത് ട്രെയിന്‍ പട്‌ന - ന്യൂഡല്‍ഹി റൂട്ടില്‍ സര്‍വീസ് നടത്തുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഇത് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ആയിരിക്കുമെന്നും സൂചനകളുണ്ട്. ദീപാവലി, ഹോളി ആഘോഷ വേളയില്‍ ന്യൂഡല്‍ഹി-പട്ന ദീര്‍ഘദൂര സ്പെഷ്യല്‍ സര്‍വീസ് വന്ദേഭാരത് നടത്തിയിരുന്നു. ഈ സര്‍വീസ് വന്‍ ഹിറ്റായിരുന്നുവെന്നതാണ് സ്ഥിരം റൂട്ട് പരിഗണിക്കുന്നതിന് പിന്നിലെന്നാണ് വിവരം. കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ ബിഹാറിനെ ബന്ധിപ്പിച്ച് വേണം എന്ന ശുപാര്‍ശ റെയില്‍വെ ബോര്‍ഡിന്റെ പരിഗണനയിലാണ്.

ഇപ്പോള്‍ തന്നെ പത്തിലധികം വന്ദേഭാരത് ട്രെയിനുകള്‍ ബിഹാര്‍ വഴി കടന്നുപോകുന്നുണ്ട്. ഇതിന് പുറമേയാണ് പുതിയതായി ഒന്ന് കൂടി അനുവദിക്കാന്‍ ഒരുങ്ങുന്നത്. കേന്ദ്ര സര്‍ക്കാരിലെ പ്രബല ഘടകകക്ഷിയായ ജെഡിയു - ബിജെപ സഖ്യകക്ഷി സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനമാണ് ബിഹാര്‍ ഭരിക്കുന്നത്. ഈ വര്‍ഷം അവസാനം സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണെന്നതും ബിഹാറിന് വാരിക്കോരി ട്രെയിന്‍ കൊടുക്കുന്നതിന് പിന്നിലെ രാഷ്ട്രീയ താത്പര്യമാണ്.