വാരിശേരിയിൽ മൂന്നു കടകളിൽ മോഷണം

Friday 25 April 2025 12:31 AM IST

കോട്ടയം : വാരിശേരി കവലയിൽ പ്രവർത്തിക്കുന്ന കൈലാസം ഹോട്ടൽ, എ ഫോർ അങ്ങാടി പലചരക്ക് കട, സമീപത്തുള്ള കോഴിക്കട എന്നിവിടങ്ങളിൽ മോഷണം. ഇന്നലെ പുലർച്ചെ ഹോട്ടൽ തുറക്കാൻ എത്തിയ ജീവനക്കാരാണ് മോഷണ വിവരമറിയുന്നത്. പിൻവശത്തെ വാതിൽ തകർത്ത് അകത്തു കയറിയ മോഷ്ടാവ് മേശയിൽ ഉണ്ടായിരുന്ന 7000 രൂപ കൊണ്ടുപോയി. ഹോട്ടലും, പലചരക്ക് കടയും ഒരു കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. രണ്ടു കടകളും തമ്മിൽ വേർതിരിക്കുന്ന ഭിത്തിയുടെ ഒരു ഭാഗം ഗ്ലാസാണ്. ഇത് കുക്കർ ഉപയോഗിച്ച് തകർത്താണ് പലചരക്ക് കടയ്ക്കുള്ളിൽ മോഷ്ടാവ് കയറിയത്. 600 രൂപ മോഷ്ടിച്ചു. പൊട്ടിയ ഗ്ലാസിന് ഇടയിലൂടെ കയറിയ മോഷ്ടാവിന് പരിക്കേറ്റ സൂചനയുണ്ട്. രക്തത്തുള്ളികൾ ചിതറി കിടപ്പുണ്ട്. ഇവിടെ നിന്ന് മാറി സ്ഥിതി ചെയ്യുന്ന കോഴിക്കടയിലെ സാധനങ്ങൾ വാരിവലിച്ചിടുകയും സി.സി.ടി.വി കാമറ തിരിച്ചുവയ്ക്കുകയും കൗണ്ടർ നശിപ്പിക്കുകയും ചെയ്തു. ഗാന്ധിനഗർ പൊലീസെത്തി സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.