വിഷ്ണു അരവിന്ദിന്റെ ചിത്രത്തിൽ ഷറഫുദീൻ

Friday 25 April 2025 4:56 AM IST

വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷറഫുദീൻ നായകൻ. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് ആണ് നിർമ്മാണം. അടുത്ത മാസം മദ്ധ്യത്തിൽ ചിത്രീകരണം ആരംഭിക്കും. ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പ്രഖ്യാപിക്കും.ഉണ്ണി മുകുന്ദൻ നായകനായ ഗന്ധർവ ജൂനിയർ എന്ന ചിത്രത്തിന്റെ സംവിധായകനാണ് വിഷ്ണു അരവിന്ദ്. അതേസമയം പടക്കളം, ദ പെറ്റ് ഡിക്ടറ്റീവ്, സംശയം എന്നീ ചിത്രങ്ങളാണ് ഷറഫുദ്ദീൻ പ്രധാന വേഷത്തിൽ റിലീസിന് ഒരുങ്ങുന്നത്.

സുരാജിനൊപ്പം ഷറഫുദീൻ പ്രധാന വേഷത്തിൽ എത്തുന്ന പടക്കളം നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്യുന്നു. ഫ്രൈഡേ ഫിലിം ഹൗസ് അവതരിപ്പിക്കുന്ന 16-ാമത്തെ പുതുമുഖ സംവിധായകനാണ് മനു സ്വരാജ്. ഫാന്റസി കോമഡി ചിത്രമായാണ് പടക്കളം ഒരുക്കിയിരിക്കുന്നത്. രാജേഷ് രവി സംവിധാനം ചെയ്യുന്ന സംശയം എന്ന ചിത്രത്തിൽ വിനയ് ഫോർട്ട്, ലിജോമോൾ, പ്രിയംവദ കൃഷ്ണൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.

ഷറഫുദ്ദീനും അനുപമ പരമേശ്വരനും പ്രധാന വേഷത്തിൽ എത്തുന്ന ദ പെറ്റ് ഡിക്ടറ്റീവ് പ്രനീഷ് വിജയൻ സംവിധാനം ചെയ്യുന്നു. ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ ആണ് നിർമ്മാണം.