'കുരുന്നെഴുത്തുകൾ' ആനന്ദം പകരട്ടെ

Friday 25 April 2025 8:05 AM IST

ഏതു സർക്കാർ ഭരിക്കുമ്പോഴും ഏറ്റവുമധികം പരാതികളും വിമർശനങ്ങളുമുയരുന്നത് വിദ്യാഭ്യാസ മേഖലയെക്കുറിച്ചായിരിക്കും. വിദ്യാലയങ്ങളുടെ ഭൗതിക സൗകര്യ വികസനത്തിലും പഠനത്തിന്റെ ഉള്ളടക്കത്തിലുമായിരിക്കും അതിലേറെയും. 'കാലിത്തൊഴുത്ത്" പോലെ എന്ന ആക്ഷേപം പോലും പൊതുവിദ്യാലയങ്ങളെക്കുറിച്ച് ഒരുകാലത്ത് ഉണ്ടായിരുന്നു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ പത്താം വർഷത്തിലെത്തുമ്പോൾ പൊതുവിദ്യാഭ്യാസ രംഗത്ത് സമൂലമാറ്റം വരുത്താൻ നിരവധി പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതിന്റെ ഗുണഫലങ്ങൾ കാണാനുണ്ട്. രണ്ടാം പിണറായി സർക്കാരിൽ പൊതുവിദ്യാഭ്യാസ മന്ത്രിയായ വി. ശിവൻകുട്ടി മാതൃകാപരവും പ്രായോഗികവുമായ നിരവധി പദ്ധതികൾ നടപ്പിലാക്കിയത് വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കി. ഇപ്പോഴും അത് തുടരുന്നു എന്നത് തീർച്ചയായും പ്രശംസിക്കപ്പെടേണ്ടതാണ്.

എല്ലാ കുട്ടികളെയും പഠനത്തിന്റെ ഏറ്റവും ഉയർന്ന തലത്തിൽ എത്തിക്കാനുതകുന്നതാണ് അതിന്റെ ഭാഗമായ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി. ഇതിന്റെ ആദ്യപടിയായാണ് വർഷാന്ത്യ പരീക്ഷയ്ക്ക് എട്ടാം ക്ളാസിൽ 30 ശതമാനം സ്കോർ എങ്കിലും ലഭിക്കണമെന്ന് നിഷ്‌കർഷിച്ചത്. ഈ സ്കോർ നേടാത്ത കുട്ടികൾക്ക് അധിക പഠനസഹായം നൽകി അവരെ അടുത്ത തലത്തിൽ എത്തിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തി. ലഹരി എന്നത് വലിയ വിപത്തായി മാറിയിരിക്കുന്നു. കുട്ടികൾക്കിടയിൽ അതിക്രമങ്ങളും കൂടിവരുന്നുണ്ട്. ഇത് ഒഴിവാക്കി കുട്ടികളുടെ മനസിന് ആനന്ദം പകരാൻ ലക്ഷ്യമിട്ടുള്ള കായിക പരിപാടികളും സർഗാത്മകമായ കലാ,​ സാഹിത്യ പരിപാടികളും പൊതുവിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്തിട്ടുണ്ട്. 'തെളിവാനം വരയ്ക്കുന്നവർ" എന്ന പുസ്തകവും അതിന്റെ ക്ളാസ് റൂം പ്രയോഗത്തിനായി എസ്.സി.ഇ.ആർ.ടിയും വിദ്യാകിരണം മിഷനും തയ്യാറാക്കിയിട്ടുള്ള മോഡ്യൂളും ഫലപ്രദമായി വിനിയോഗിച്ചാൽ മൊത്തം വിദ്യാർത്ഥികൾക്കും അതു പ്രയോജനപ്പെടും.

ഒന്നാം ക്ളാസിലെ കുട്ടികളുടെ ഡയറിക്കുറിപ്പുകൾ വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ വി. ശിവൻകുട്ടി എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിക്കുന്നതാണ് 'കുരുന്നെഴുത്തുകൾ" എന്ന പുസ്തകം. കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തിയ ഈ പുസ്തകം വിദ്യാലയങ്ങളുടെ മാറുന്ന മുഖം അനാവരണം ചെയ്യുന്നതാണ്. വിദ്യാകിരണം മിഷൻ പ്രസിദ്ധീകരിച്ച കുരുന്നെഴുത്തുകളിലേക്ക് ആയിരക്കണക്കിന് കുട്ടികളാണ് രചനകൾ അയച്ചത്. അതിനു പിന്നിൽ അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പങ്കാളിത്തവും ഉണ്ടായിരുന്നിരിക്കണം. പാഠപുസ്തകങ്ങളെല്ലാം നേരത്തേ എത്തിക്കാനുള്ള ശ്രമവും അഭിനന്ദനീയമാണ്. ക്ളാസ് മുറിയിലും സിലബസിലും മാത്രം ഒതുങ്ങിനിൽക്കാതെ കുട്ടികൾ ലോകം കണ്ടു വളരാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതികൾ വിദ്യാലയങ്ങളിൽ സമാധാനവും ശാന്തിയും സൃഷ്ടിക്കും. പ്രതീക്ഷയോടെ കുട്ടികളെ സ്കൂളിലേക്കയയ്ക്കുന്ന രക്ഷിതാക്കൾ ആഗ്രഹിക്കുന്നതും അതുതന്നെയാണ്.