കാട്ടാക്കടയിൽ വീട് കുത്തിത്തുറന്ന് മോഷണം: ഏഴ് പവനും 60,000 രൂപയും കവർന്നു

Friday 25 April 2025 1:05 AM IST

കാട്ടാക്കട: കാട്ടാക്കടയിൽ വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് ഏഴ് പവൻ സ്വർണവും 60,000 രൂപയും കവർന്നതായി പരാതി. കാട്ടാക്കട പെരുംകുളം മുതയിൽ രശ്മി ഭവനിൽ എസ്.ബി.സുനിൽകുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ബുധനാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. രാത്രി 8നും 10നുമിടയിലാണ് മോഷണം നടന്നതായി കരുതുന്നത്. ഈ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല.

വീടിന്റെ പിൻഭാഗത്തെ വാതിൽ പൊളിച്ച നിലയിലായിരുന്നു. മേശകളും അലമാരകൾ എന്നിവയും കുത്തിത്തുറന്ന് സാധനങ്ങൾ വലിച്ചു വാരി ഇട്ടിട്ടുണ്ട്. രണ്ടു മുറികളിലായി ഉണ്ടായിരുന്ന മേശകളിൽ നിന്നാണ് സ്വർണവും പണവും മോഷ്ടിച്ചത്.

വ്യാപാരി വ്യവസായി സമിതി ഏരിയാ പ്രസിഡന്റായ സുനിൽകുമാർ വൈകിട്ട് 6ഓടെ കെ.എസ്.ആർ.ടി.സി ഷോപ്പിംഗ് കോംപ്ലക്സിലൂള്ള സ്ഥാപനത്തിൽ പോയി തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നതായി കാണുന്നത്. ഉടൻ തന്നെ കാട്ടാക്കട പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഫോറൻസിക് പരിശോധനയും നടന്നു. സിസി.ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.