പെൺകുട്ടിയെ അർദ്ധനഗ്നയാക്കി അഭിനയിപ്പിച്ചു, വ്ളോഗർക്കെതിരെ പോക്‌‌സോ കേസ്

Friday 25 April 2025 2:27 AM IST

കോവളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് അർദ്ധനഗ്നയാക്കി വീഡിയോ എടുക്കുകയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തതിന് വ്ലോഗർക്കെതിരെ കേസ്. തിരുവല്ലം ഇടഗ്രാമം സ്വദേശി വ്ളോഗർ മുകേഷ് എം. നായർക്കെതിരെയാണ് കേസ്. കുട്ടിയുടെ മാതാപിതാക്കളാണ് മുകേഷിനെതിരെ കോവളം പൊലീസിൽ പരാതി നൽകിയത്. 15കാരിയായ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മുകേഷിനെതിരെ കേസെടുക്കുകയായിരുന്നു. ഫെബ്രുവരി 12ന് വാലന്റൈൻസ് ഡേയിലായിരുന്നു കേസിനാസ്‌പദമായ സംഭവം. പ്രായപൂർത്തിയാകാത്ത കുട്ടിയെ കോവളം കെ.എസ്. റോഡിലെ റിസോർട്ടിലെത്തിച്ച് കുട്ടിയുടെ സമ്മതമില്ലാതെ അർദ്ധനഗ്നയാക്കി ഫോട്ടോകളെടുത്തതായും ചിത്രീകരണ സമയത്ത് അനുമതിയില്ലാതെ കുട്ടിയുടെ സ്വകാര്യഭാഗത്ത് സ്‌പർശിച്ചതായും പരാതിയിൽ പറയുന്നു.

കുട്ടിയെ എത്തിച്ച കോ- ഓർഡിനേറ്റർ നെടുമങ്ങാട് സ്വദേശിയായ അൻസിയക്കെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റീൽസിൽ മുകേഷും അഭിനയിച്ചിരുന്നു. മുകേഷ് ഇത് വിവിധ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവയ്ക്കുകയും വിഡിയോയ്ക്ക് നിരവധി വിമർശനങ്ങളുണ്ടാവുകയും ചെയ്തിരുന്നു. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി കോവളം പൊലീസ് അറിയിച്ചു. എക്‌സൈസ് കേസുകളിലും നേരത്തെ മുകേഷ് പ്രതിയായിരുന്നു.