റീഫ്രഷ് ആൻഡ് റീച്ചാർജുമായി കെ.എസ്.ഇ.ബി: വരുന്നു പുതുതലമുറ ചാർജിംഗ് സ്റ്റേഷൻ
കണ്ണൂർ: പുതുതലമുറ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് ലക്ഷ്യമിട്ട് റീഫ്രഷ് ആൻഡ് റീച്ചാർജ് എന്ന പേരിൽ പദ്ധതിയുമായി കെ.എസ്.ഇ.ബി. ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുകൊണ്ട് കുറഞ്ഞത് നാല് വാഹനങ്ങൾ ഒരേ സമയം ചാർജ് ചെയ്യാൻ പറ്റുന്ന രീതിയിലുള്ള ചാർജ്ജിംഗ് പോയിന്റുകളും ആപ്പുകൾ ഒഴിവാക്കിയുള്ള പേയ്മെന്റ് സൗകര്യങ്ങളും ഇതിൽ ഏർപ്പെടുത്തും.
കേന്ദ്ര ഈർജ്ജ മന്ത്രാലയത്തിന്റെ അനുമതിയോടെ തുടങ്ങിയിട്ടുള്ള ഇ.വി ആക്സിലേറ്റർ സെൽ ഇലക്ട്രിക് വാഹന ചാർജിംഗ് ഇൻഫ്രാ സ്ട്രക്ചറുകളെ കുറിച്ച് കെ.എസ്.ഇ.ബി വിലയിരുത്തൽ നടത്തിവരികയാണ്.ഇതിന്റെ അടിസ്ഥാനത്തിൽ ഇതുവരെ സ്ഥാപിച്ചിട്ടുള്ള ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളെല്ലാം പുത്തൻ സാങ്കേതിക വിദ്യകളോട് കൂടിയ ചാർജറുകളും ആധുനിക സൗകര്യങ്ങളും ചേർത്ത് നവീകരിക്കാനാണ് നീക്കം.സ്വകാര്യ പങ്കാളിത്തത്തോടെ കെ.എസ്.ഇ.ബി ചാർജിംഗ് സ്റ്റേഷനുകൾ പരിഷ്കരിക്കുന്നതിനും പുതിയ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുമുള്ള സാദ്ധ്യതയും പരിശോധിച്ചു വരികയാണ്.
നിലവിൽ കെ.എസ്.ഇ.ബി.എൽ ,വൈദ്യുതി വാഹന ചാർജിംഗ് സ്റ്റേഷനുകളുടെ സംസ്ഥാന നോഡൽ ഏജൻസി എന്ന നിലയിലാണ് ചാർജ്ജിംഗ് സ്റ്റേഷനുകൾ ഒരുക്കുന്നത്.
സംസ്ഥാനത്ത് കെ.എസ്.ഇ.ബി ഇലക്ട്രിക് ചാർജ്ജിംഗ് സ്റ്റേഷനുകൾ
ഫാസ്റ്റ് ചാർജ്ജിംഗ് സ്റ്റേഷനുകൾ-63
പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകൾ -1169
കേന്ദ്ര സഹായം പരിഗണനയിൽ
കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർദ്ധനവ് കണക്കിലെടുത്ത് ചാർജിംഗ് ഇൻഫ്രാസ്ട്രക്ച്ചർ കവറേജ് വർദ്ധിപ്പിക്കുന്നതിനായി കേന്ദ്രസർക്കാരിന്റെ പി.എം ഇ-ഡ്രൈവ് പദ്ധതിയുടെ സഹായം ലഭിക്കും. ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷൻ ഒരുക്കുന്നവർക്ക് അപ്പ് ഇൻഫ്രാസ്ട്രക്ച്ചറിന് (ട്രാൻസ്ഫോമർ ഉൾപ്പെടെ) സാമ്പത്തിക സഹായം നൽകുന്നതിനായി പ്രത്യേക പദ്ധതിയും ആവിഷ്കരിക്കുന്നത് കേന്ദ്ര പരിഗണനയിലാണ്.
നവീകരണമല്ലാതെ വഴിയില്ല
സംസ്ഥാനത്ത് വ്യത്യസ്ത കേന്ദ്ര-സംസ്ഥാന സ്കീമുകളിൽ ഉൾപ്പെടുത്തിയാണ് കെ.എസ്.ഇ.ബി വൈദ്യുതി വാഹനങ്ങളുടെ തുടക്കകാലത്ത് ചാർജിംഗ് സ്റ്റേഷൻ ശൃംഖല ഒരുക്കിയത്.എന്നാൽ സാങ്കേതികവിദ്യ അടിക്കടി മാറുകയും വൈദ്യുതി വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിൽ സമഗ്ര നവീകരണം ആവശ്യമായി വരികയായിരുന്നു.
റീ വാപിംഗ് ഇലക്ട്രിക് വൈഹിക്കിൾ ചാർജിംഗ് എക്കോ സിസ്റ്റം ഇൻ കേരള എന്ന വിഷയത്തിൽ ഒരു വർക്ക്ഷോപ്പ് തന്നെ കെ.എസ്.ഇ.ബി.എൽ നടത്തിയിരുന്നു. ഈ വർക്ക്ഷോപ്പിൽ ഇലക്ട്രിക് വാഹന ചാർജിംഗ് ഇൻഫ്രാ സ്ട്രക്ച്ചർ സംബന്ധിച്ച് നടത്തിയ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സമഗ്രമായി നവീകരിക്കാൻ തീരുമാനമെടുക്കുകയായിരുന്നു.