തുടരെത്തുടരെ ആക്രമണങ്ങൾ,​ കൂടുതൽ അടിയും തടയും പഠിക്കാൻ പൊലീസ്

Friday 25 April 2025 2:55 AM IST

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ തുടരെത്തുടരെ ആക്രമണങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ കൂടുതൽ അടിയും തടയും പഠിക്കാൻ പൊലീസ്. ഇതിന്റെ ഭാഗമായി നഗരത്തിലെ സ്റ്റേഷനുകളിലെ പൊലീസുകാർക്ക് സ്വയം പ്രതിരോധം എങ്ങനെ തീർക്കാമെന്ന പരിശീലനപരിപാടി ആരംഭിച്ചു. ആദ്യഘട്ടത്തിൽ ഈ മാസം ഓരോ സ്റ്റേഷനിലും ഒരു ദിവസം രണ്ട് മണിക്കൂർ വീതമുള്ള പരിശീലന പരിപാടിയാണ് നടത്തുന്നത്. പൊലീസ് സേനയിലെ തന്നെ തിരഞ്ഞെടുത്ത മൂന്ന് അംഗങ്ങളുള്ള രണ്ട് സംഘമാണ് പരിശീലനം നൽകുന്നത്.

ആദ്യ ഘട്ടത്തിൽ

1500 പേർക്ക്

35,00 പേരുള്ള സിറ്റി പൊലീസിൽ ആദ്യ ഘട്ടത്തിൽ 1500 പേർക്കാണ് പരിശീലനം നൽകുന്നത്.രണ്ടാം ഘട്ടത്തിൽ ബാക്കിയുള്ളവർക്ക് നൽകും. ഇതുകൂടാതെ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് പ്രാവീണ്യമുള്ള രണ്ടുപേരെ തിരഞ്ഞെടുത്ത് അവർക്ക് പരിശീലനം നൽകും. ഇതുകഴിഞ്ഞ് ഇവർ സ്റ്റേഷനിലുള്ളവർക്ക് പരിശീലനം നടത്തും. സ്റ്റേഷൻ എസ്.എച്ച്.ഒമാർക്ക് സേനയ്ക്ക് പുറത്ത് നിന്നും ഇതിൽ പ്രാവീണ്യമുള്ളവരെക്കൊണ്ട് പരിശീലനം നൽകാനുള്ള നിർദ്ദേശവുമുണ്ട്.

പ്രധാനമായും

@ എതിരെ വരുന്ന അക്രമിയെ കീഴ്പ്പെടുത്താനുള്ള ശാരീരിക പരിശീലനം

@ആക്രമണമുണ്ടാകുമ്പോൾ ശരീരത്തോടൊപ്പം മനസും പതറാതെ അത് നേരിടാൻ

@ആക്രമണം നടന്നാൽ പെട്ടെന്ന് സ്വീകരിക്കേണ്ട നടപടികൾ

വ്യായാമവും പ്രതിരോധവും

പൊലീസ് ഉദ്യോഗസ്ഥരാണെങ്കിലും പലർക്കും ജീവിതശൈലീരോഗങ്ങളുണ്ട്. മിക്കവർക്കും ആക്രമണം വന്നാൽ ചെറുക്കാനുള്ള ആരോഗ്യക്കുറവുമുണ്ട്. ഈ പരിശീലനത്തിലൂടെ പ്രതിരോധത്തോടൊപ്പം വ്യായാമവും ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്.

കേസുകളിലും വർദ്ധന

2023ൽ 20 കേസുകളാണ് നഗരത്തിൽ പൊലീസിനെതിരെയുള്ള ആക്രമണത്തിന് രജിസ്റ്റർ ചെയ്തത്. 2024 ൽ അത് 40ഓളമായി. ഈ വർഷം ഏഴോളം കേസുകളുണ്ട്.

ഈ വർഷത്തെ പ്രധാന ആക്രമണ സംഭവങ്ങൾ

പുതുവത്സര ആഘോഷങ്ങൾക്കിടെ കന്റോൺമെന്റ് എസ്.ഐയെുടെ കാലിന്റെ കുഴ വെള്ളൈക്കടവ് തോപ്പുമുക്ക് കുളുമല റിയാ നിവാസിൽ റിതു മാത്യു എന്ന പ്രതി ചവിട്ടിയൊടിച്ചു

മാർച്ച് 27 ലഹരി സംഘത്തെ പിടികൂടാനെത്തിയ പുജപ്പുര എസ്.ഐയെ കാപ്പാ കേസ് പ്രതി ശ്രീജിത്ത് ഉണ്ണി കുത്തി പരിക്കേൽപ്പിച്ചു

ഏപ്രിൽ രണ്ട് -സാമൂഹ്യ വിരുദ്ധ പ്രവർത്തനം ചോദ്യം ചെയ്തതിന് കരമന എസ്.ഐയെ ലിജോയെന്ന പ്രതി കുത്തിപ്പരിക്കേൽപ്പിച്ചു

പാപ്പനംകോട് വാഹന പരിശോധന നടത്തുകയായിരുന്ന കൺട്രോൾ റൂമിലെ എസ്‌.ഐയെ കൊലക്കേസ് പ്രതിയായ പ്രവീൺ,ശരത് എന്നിവർ മർദ്ദിച്ചു. പിന്നാലെയെത്തിയ ജീപ്പിന്റെ ചില്ല് തകർത്തു.