'തെറ്റ് ചെയ്യാത്തതിനാൽ പശ്ചാത്താപമില്ല", രാജേന്ദ്രൻ സീരിയർ കില്ലർ
തിരുവനന്തപുരം: ഓൺലൈൻ ട്രേഡിംഗിന് പണം കണ്ടെത്താനാണ് നിരപരാധിയായ വിനീതയെ തമിഴ്നാട് സ്വദേശി രാജേന്ദ്രൻ (42) കൊന്നത്. ശിക്ഷാവിധി പ്രഖ്യാപിക്കും മുൻപ് പശ്ചാത്തപമുണ്ടോയെന്ന് കോടതി ചോദിച്ചപ്പോൾ, തെറ്റ് ചെയ്യാത്തതിനാൽ പശ്ചാത്താപമില്ലെന്ന മറുപടിയാണ് പ്രതി നൽകിയത്. തന്നെ ശിക്ഷിച്ചാൽ ഉയർന്ന കോടതിയിൽ പോയി നിരപരാധിത്വം തെളിയിക്കുമെന്നും പറഞ്ഞു.
പൊലീസിന്റെയും വിവിധവകുപ്പുകളുടെയും ജില്ലാ ഭരണകൂടത്തിന്റെയും റിപ്പോർട്ട് കോടതി തേടിയിരുന്നു. രാജേന്ദ്രനെ അപകടകാരിയായ സീരിയൽ കില്ലറാണെന്നാണ് ജില്ലാ കളക്ടർ അനുകുമാരിയുടെയും സിറ്റി പൊലീസ് കമ്മിഷണർ തോംസൺ ജോസിന്റെയും റിപ്പോർട്ടുകളിലുള്ളത്. പണത്തിനു വേണ്ടി ആരെക്കൊല്ലാനും മടിക്കാത്ത പ്രതി സ്വതന്ത്രനായാൽ ഇനിയും നിരപരാധികളുടെ ജീവനെടുക്കാൻ സാദ്ധ്യതയുണ്ടെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. ഇതു കൂടി പരിഗണിച്ചാണ് വധശിക്ഷ വിധിച്ചത്.
കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് പ്രോസിക്യൂഷൻ നിലപാടെടുത്തു. രാജേന്ദ്രന് മാനസിക പരിവർത്തനമുണ്ടാകാനുള്ള സാദ്ധ്യതടയക്കം 7 റിപ്പോർട്ടുകൾ കോടതി പരിശോധിച്ചിരുന്നു. തമിഴ്നാട്ടിലെ പാളയംകോട്ട ജയിൽ സൂപ്രണ്ട് അവ്യക്തമായ റിപ്പോർട്ടാണ് നൽകിയത്. ബാക്കി റിപ്പോർട്ടുകളെല്ലാം പ്രതിക്കെതിരായിരുന്നു. പ്രതിക്ക് മാനസാന്തരമുണ്ടാവാൻ സാദ്ധ്യതയില്ലെന്ന് ഡോക്ടർമാരും റിപ്പോർട്ട് നൽകി.
അമ്മയ്‌ക്ക് ആശ്രയം താൻ മാത്രം
ശിക്ഷയെക്കുറിച്ചുള്ള പ്രോസിക്യൂഷൻ, പ്രതിഭാഗം വാദങ്ങളെല്ലാം പ്രതി കേട്ടിരുന്നു. 70വയസു കഴിഞ്ഞ അമ്മയ്ക്ക് ഏകാശ്രയം താനാണെന്നും രാജേന്ദ്രൻ പറഞ്ഞു. പൊലീസിനെ ഭയന്ന് സഹോദരങ്ങളായ പ്രഭുവും സുബ്ബലക്ഷ്മിയും അമ്മയെ കാണാനെത്താറില്ലെന്നും കോടതിയോട് പറഞ്ഞു. കൊടുംകുറ്റവാളിയായ പ്രതി കേരളത്തിലും തമിഴ്നാട്ടിലുമായി നടത്തിയ നാല് കൊലപാതകങ്ങളിൽ മൂന്നുപേരും സ്ത്രീകളാണെന്നും അതിക്രൂരവും, പൈശാചികവും സമൂഹത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതുമായ പ്രവൃത്തിയാണിതെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദീൻ വാദിച്ചു. ജീവപര്യന്തം വിധിച്ചാൽ പ്രതി ശിക്ഷായിളവിന് അർഹനാവുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രായം പരിഗണിക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. മനഃപരിവർത്തനം നടത്താൻ കഴിയാത്ത കൊലപാതക പരമ്പര നടത്തുന്നയാളാണ് പ്രതിയെന്ന വിദഗ്ദ്ധ റിപ്പോർട്ടുകൾ കൂടി പരിഗണിച്ചാണ് വധശിക്ഷ വിധിച്ചത്.