ഇന്ത്യക്കെതിരെ നയതന്ത്ര വിലക്കുമായി പാക്കിസ്ഥാൻ
കറാച്ചി : പഹൽഗാം ഭീകരാക്രമണത്തിലെ പാക്ക് പങ്ക് തുറന്നുകാട്ടുകയും നയതന്ത്രതലത്തിൽ നിയന്ത്രണങ്ങളും വിലക്കുകളും ഇന്ത്യ പ്രഖ്യാപിക്കുകയും ചെയ്തതിനു പിന്നാലെ ബദൽ നടപടികളുമായി പാക്കിസ്ഥാൻ. ഇന്ത്യൻ പൗരന്മാർക്കുള്ള വിസ മരവിപ്പിച്ചു. ഇന്ത്യൻ വിമാനങ്ങൾക്ക് പാക് വ്യോമപാതയിൽ വിലക്കേർപ്പെടുത്തി. സിന്ധു നദീജല കരാർ മരവിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനം യുദ്ധസമാനമാണെന്ന് പാക് പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫിന്റെ നേതൃത്വത്തിൽ ചേർന്ന യോഗം വിലയിരുത്തി.
മറുപടിയായി ഷിംല കരാർ അടക്കം ഇന്ത്യയുമായുള്ള എല്ലാ ഉഭയകക്ഷി കരാറുകളും റദ്ദാക്കുമെന്നും എല്ലാ വ്യാപാര ബന്ധവും വിച്ഛേദിച്ചെന്നും ഇന്ത്യൻ നയതന്ത്റ ഉദ്യോഗസ്ഥരുടെ എണ്ണം മുപ്പതായി വെട്ടിക്കുറയ്ക്കുമെന്നും പാക്കിസ്ഥാൻ പ്രഖ്യാപിച്ചു. ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി തീരുമാനം അറിയിച്ചു.
ഇന്ത്യയുടെ ആക്രമണം ഭയന്ന് അതിർത്തിയിൽ പാക് സൈനിക വിന്യാസം കൂട്ടി. നിരീക്ഷണം ബങ്കറുകളിൽ നിന്ന് മാത്രമാക്കാനും നിർദ്ദേശം നൽകി.
പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ അരുംകൊല ചെയ്തതിൽ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമായതിന് പിന്നാലെയാണ് ഇന്ത്യ ശക്തമായ നടപടികൾ തുടങ്ങിയത്. പാക് പൗരൻമാർക്ക് ഇന്ത്യയിൽ വിലക്കേർപ്പെടുത്തി. സിന്ധു നദീജല കരാർ മരവിപ്പിക്കാനും തീരുമാനിച്ചു. ഡൽഹിയിലെ പാക് ഹൈക്കമ്മിഷനിലെ പ്രതിരോധ ഉപദേഷ്ടാക്കളെ പുറത്താക്കുകയും നയതന്ത്ര ബന്ധം കുറയ്ക്കുകയും ചെയ്തിരുന്നു.
പഞ്ചാബിലെ വാഗ അട്ടാരി അതിർത്തി അടയ്ക്കാനും ഇന്ത്യ തീരുമാനിച്ചിരുന്നു.
റൂട്ട് മാറ്റി ഇന്ത്യൻ വിമാനങ്ങൾ
ഇന്ത്യൻ വിമാനങ്ങൾക്ക് പാക്കിസ്ഥാൻ വ്യോമ നിരോധനം ഏർപ്പെടുത്തിയതോടെ എയർ ഇന്ത്യ, ഇൻഡിഗോ, തുടങ്ങിയവ അന്താരാഷ്ട്ര സർവീസുകളുടെ റൂട്ടു മാറ്റി. വടക്കേ അമേരിക്ക, യുകെ, യൂറോപ്പ്, മധ്യേഷ്യ എന്നിവിടങ്ങളിലേക്കോ അവിടെ നിന്ന് പുറപ്പെടുന്നതോ ആയ ചില എയർ ഇന്ത്യ വിമാനങ്ങൾ പാക്കിസ്ഥാൻ ആകാശ പാത ഒഴിവാക്കി ചുറ്റി യാത്ര ചെയ്യും. യാത്രാ സമയം കൂടുമെന്നതിനാൽ യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. സമയമാറ്റം യാത്രയെ ബാധിക്കുന്നവർക്ക് പകരം വിമാനം തിരഞ്ഞെടുക്കാനും വെബ്സൈറ്റ് വഴി റീഫണ്ട് ക്ലെയിം ചെയ്യാനും സൗകര്യമുണ്ടാകുമെന്ന് ഇൻഡിഗോ അറിയിച്ചു.