ബാബറോ, ഷഹീനോ ? മിസൈൽ പരീക്ഷണത്തിന് പാക്കിസ്ഥാൻ

Friday 25 April 2025 2:33 AM IST

കറാച്ചി: ​പ​ഹ​ൽ​ഗാം ഭീകരാക്രമണ പശ്ചാത്തലത്തിൽ ഇന്ത്യ നടത്തിയ നയതന്ത്ര സർജിക്കൽ സ്ട്രൈക്കിന് പിന്നാലെ മിസൈൽ പരീക്ഷണത്തിനൊരുങ്ങി പാക്കിസ്ഥാൻ. കറാച്ചി തീരത്ത് പ്രത്യേക സാമ്പത്തിക മേഖലയ്ക്കുള്ളിൽ സർഫസ്-ടു-സർഫസ് മിസൈലിന്റെ പരീക്ഷണം നടത്തുമെന്ന അറിയിപ്പ് പാക് നാവിക സേന പുറത്തുവിട്ടു. കറാച്ചി തീരത്ത് അറബിക്കടലിന് മീതെ വ്യോമഗതാഗതത്തിന് വിലക്കുമേർപ്പെടുത്തി.

ഇന്നലെയും ഇന്നുമാണ് മിസൈൽ പരീക്ഷണത്തിന് തിരഞ്ഞെടുത്ത തീയതികളായി അറിയിച്ചിരുന്നത്. പരീക്ഷണം ഇന്നലെ നടന്നോ എന്ന് വ്യക്തമല്ല.

ഇന്ത്യൻ ഏജൻസികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഷഹീൻ -3, ബാബർ ക്രൂസ് മിസൈലുകളാണ് പാകിസ്ഥാൻ പരീക്ഷിക്കാൻ സാദ്ധ്യത. പ്രധാന ഇന്ത്യൻ നഗരങ്ങൾ ഈ മിസൈലുകളുടെ പ്രഹര പരിധിക്കുള്ളിൽ വരുമെന്ന് പാക് മാദ്ധ്യമങ്ങൾ അവകാശപ്പെട്ടിരുന്നു.

മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈലായ ഷഹീൻ 3ന് 2,750 കിലോമീറ്റർ അകലെയുള്ള ലക്ഷ്യസ്ഥാനത്തെ തകർക്കാൻ ശേഷിയുണ്ടെന്നാണ് വാദം. ഇന്ത്യയുടെ വടക്ക് കിഴക്കേ അറ്റത്തുള്ള ആൻഡമാൻ നിക്കോബാർ ദ്വീപുവരെ ഈ മിസൈലിന് എത്താൻ ശേഷിയുള്ളതായി പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഷഹീന് ആണവ, പരമ്പരാഗത പോർമുനകൾ വഹിക്കാനാകും. 2015 മാർച്ചിലാണ് ഈ മിസൈൽ ആദ്യമായി പരീക്ഷിച്ചത്. 400-900 കിലോമീറ്റർ വരെ പ്രഹര പരിധിയുള്ളതാണ് ബാബർ ക്രൂസ് മിസൈലുകൾ.