വഴി നീളെ കോൺക്രീറ്റിൽ "പൊതിഞ്ഞ പണി"
തൃശൂർ: പണി തീർന്നപ്പോൾ "റോഡിൽ പണി കിട്ടിയ" അവസ്ഥയിലാണ് കൊടുങ്ങല്ലൂർ-ഷൊർണൂർ റോഡിന് ഇരുവശത്തെയും കൂർക്കഞ്ചേരി മുതൽ സ്വരാജ് റൗണ്ട് വരെയുള്ള വ്യാപാരികൾ. റോഡ് ഉയർന്നതോടെ മഴ പെയ്തപ്പോൾ വെള്ളം മുഴുവൻ കടകളിലേക്ക് കയറി. കഴിഞ്ഞ മഴയിൽ കുറുപ്പം റോഡിലെയും കൂർക്കഞ്ചേരി റോഡിലെയും കടകളിലേക്ക് വെള്ളം കയറി നാശനഷ്ടമുണ്ടായി.
വിവരമറിയിച്ചപ്പോൾ വെള്ളം കയറാതിരിക്കാൻ വ്യാപാരികൾ തന്നെ വഴി കണ്ടെത്തണമെന്ന നിലപാടിലായി കോർപ്പറേഷൻ. പത്ത് കോടി മുടക്കി റോഡ് കോൺക്രീറ്റ് ചെയ്തത് അഭിമാനമായാണ് കോർപറേഷൻ ഭരണാധികാരികൾ കരുതുന്നത്. പക്ഷേ വ്യക്തമായ പദ്ധതിയില്ലാതെ റോഡ് പണിതതിന്റെ ദുരിതം അനുഭവിക്കേണ്ട ഗതികേടിലാണിപ്പോൾ വ്യാപാരികൾ. വെള്ളം കയറാതിരിക്കാൻ തങ്ങളുടെ കടകൾക്ക് മുമ്പിൽ ഇഷ്ടികകൊണ്ട് കെട്ടി മണ്ണും വേസ്റ്റുമിട്ട് ഉയർത്തുകയാണ് പലരും. ചില വ്യാപാരികളാകട്ടെ മുമ്പിലുള്ള ചാലിലേക്ക് വെള്ളം ഒഴുകി പോകാൻ സ്ലാബുകൾ തുളയ്ക്കുന്നുമുണ്ട്. വെള്ളം പോകേണ്ട കാനകളുടെ മുകൾഭാഗവും മണ്ണിട്ട് മൂടിയ നിലയിലാണ്.
വേസ്റ്റ് റോഡാക്കി
രണ്ട് വശത്തും റോഡിന്റെ വേസ്റ്റ് കൊണ്ടിട്ടതോടെ, കോൺക്രീറ്റ് ചെയ്ത റോഡ് കണ്ടാൽ വേസ്റ്റ് റോഡാണെന്നേ പറയൂ. പുതിയ റോഡിന്റെ ഭംഗിയും ഉറപ്പും ഇല്ലാതാക്കി. കാൽനടക്കാർക്ക് റോഡിന്റെ വശത്തുകൂടെ നടക്കാൻ പറ്റാതായി. ഇരുചക്ര വാഹനക്കാർ റോഡിന്റെ വശത്തേക്ക് ഇറങ്ങിയാൽ വീഴും. റോഡിന്റെ ഭംഗി തന്നെ ഇല്ലാതാക്കുന്ന തരത്തിലാണ് വേസ്റ്റ് കൊണ്ടിട്ടിരിക്കുന്നത്. മഴ പെയ്തതോടെ പല സ്ഥലങ്ങളിലും വശങ്ങൾ ഇടിഞ്ഞു.
വെള്ളം കാനയിലേക്ക് ഒഴുക്കാനുള്ള പ്രാഥമിക കാര്യം പോലും ചെയ്യാതെ കോടികൾ മുടക്കിയത് എന്തിനാണെന്ന് മനസിലാകുന്നില്ല. റോഡ് പണിയുടെ പേരിൽ മാസങ്ങളോളമാണ് കച്ചവടം ഇല്ലാതാക്കിയത്. പണി കഴിയുമ്പോൾ എല്ലാം ശരിയാകുമെന്നാണ് കരുതിയത്. ഇപ്പോൾ അതിലും വലിയ നഷ്ടമാണുണ്ടായത്. കടകളിലേക്ക് വെള്ളം കയറാതിരിക്കണമെങ്കിൽ സ്വന്തം പോക്കറ്റിൽ നിന്നും പണമെടുത്ത് പണി നടത്തേണ്ട ഗതികേടാണ്. മഴക്കാലമാണ് വരുന്നത്. എങ്ങനെ നേരിടുമെന്ന് ഒരു പിടിയുമില്ല.
വ്യാപാരികൾ.