അബദ്ധത്തിൽ അതിർത്തി കടന്ന ബി.എസ്.എഫ് ജവാൻ പാക് കസ്റ്റഡിയിൽ

Friday 25 April 2025 1:38 AM IST

ന്യൂഡൽഹി: അബദ്ധത്തിൽ അതിർത്തി കടന്നതിന് പാക്കിസ്ഥാൻ റേഞ്ചേഴ്‌സ് കസ്റ്റഡിയിലെടുത്ത ബി.എസ്.എഫ് ജവാനെ വിട്ടുകിട്ടാൻ ചർച്ച തുടരുന്നു. ഏപ്രിൽ 23നാണ് പഞ്ചാബിലെ ഫിറോസ് പൂരിന് സമീപമുള്ള അതിർത്തിയിൽ നിന്ന് 182-ാം ബറ്റാലിയനിലെ കോൺസ്റ്റബിൾ പി.കെ. സിംഗ് പാക്ക് സേനയുടെ കസ്റ്റഡിയിലാകുന്നത്.

കസ്റ്റഡിയിലാകുമ്പോൾ ഇദ്ദേഹം യൂണിഫോം ധരിച്ച് സർവീസ് റൈഫിളും പിടിച്ച് ഡ്യൂട്ടിയിൽ ആയിരുന്നു. കർഷകർക്കൊപ്പം സഞ്ചരിക്കവെ അബദ്ധത്തിൽ അതിർത്തി കടന്നതാണ്. അവിടെ ഒരു മരത്തണലിൽ വിശ്രമിക്കവെ പാക് റേഞ്ചർമാർ കസ്റ്റഡിയിലെടുത്തെന്നാണ് അറിവ്.

ഈ ഭാഗത്ത് കർഷകരും ഗ്രാമവാസികളും അതിർത്തി കടന്ന് പോകുന്നത് പതിവാണ്. സേനാംഗങ്ങൾ തമ്മിലും സഹകരണമുണ്ടായിരുന്നു. പഹൽഗാം ആക്രമത്തിന്റെ പശ്‌ചാത്തലത്തിൽ ഇന്ത്യ നയതന്ത്ര നടപടികൾ കടുപ്പിച്ചതാണ് പാക് പ്രകോപനത്തിന് കാരണമായതെന്ന് സൂചനയുണ്ട്.

2019 ഫെബ്രുവരിയിൽ അതിർത്തിക്കുള്ളിൽ തകർന്നു വീണ മിഗ് വിമാനത്തിന്റെ പൈലറ്റ് അഭിനന്ദൻ വർദ്ധമാനെ പാക് സൈന്യം കസ്റ്റഡിയിലെടുത്ത് ബന്ദിയാക്കിയെങ്കിലും ഇന്ത്യയുടെ ശക്തമായ സമ്മദ്ദഫലമായി വിട്ടയച്ചിരുന്നു.