സിംല കരാർ മരവിപ്പിച്ചാൽ യുദ്ധസമാന സാഹചര്യം

Friday 25 April 2025 1:42 AM IST

ന്യൂഡൽഹി: നിയന്ത്രണ രേഖയെ മാനിക്കുന്നതും ഉഭയകക്ഷി സമാധാന നടപടികൾക്ക് ആഹ്വാനം ചെയ്യുന്നതുമായ 1972ലെ സിംല കരാർ മരവിപ്പിക്കാനുള്ള പാക്കിസ്ഥാൻ നടപടി അതിർത്തിയിൽ യുദ്ധസമാന സാഹചര്യമാകും സൃഷ്‌ടിക്കുക. കരാർ മരവിപ്പിക്കുന്നത് കാശ്‌മീർ വിഷയത്തിൽ അന്താരാഷ്‌ട്ര ഇടപെടൽ ആവശ്യപ്പെടാൻ പാക്കിസ്ഥാന് വഴിയൊരുക്കും.

1971-ൽ ബംഗ്ളാദേശ് രൂപീകരണത്തിൽ കലാശിച്ച ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധത്തിനുശേഷം ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച ഒരു സുപ്രധാന സമാധാന ഉടമ്പടിയായിരുന്നു സിംല കരാർ. ജമ്മുകാശ്‌മീർ അതിർത്തിയിലെ യഥാർത്ഥ നിയന്ത്രണ രേഖയെ ഇരുരാജ്യങ്ങളും പരസ്‌പരം അംഗീകരിച്ചത് ഇതിന്റെ അടിസ്ഥാനത്തിൽ. മൂന്നാം കക്ഷി മധ്യസ്ഥതയില്ലാതെ, ഉഭയകക്ഷി ചർച്ചകളിലൂടെ തർക്കങ്ങൾ പരിഹരിക്കാൻ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണ്.

# സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിനും ലക്ഷ്യമിട്ട് 1972 ജൂലായ് 2ന് ഹിമാചൽ പ്രദേശിലെ സിംലയിൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും പാകിസ്ഥാൻ പ്രസിഡന്റ് സുൾഫിക്കർ അലി ഭൂട്ടോയും ഒപ്പുവച്ച ഉടമ്പടിയാണിത്

 കരാർ പ്രകാരം ബംഗ്ളാദേശ് രൂപീകരണം പാക്കിസ്ഥാൻ അംഗീകരിച്ചു. ഇന്ത്യയുമായുള്ള സംഘർഷങ്ങളും ഏറ്റുമുട്ടലുകളും അവസാനിപ്പിക്കാനും ശാശ്വത സമാധാനം സ്ഥാപിക്കാനായി പ്രവർത്തിക്കാനും സമ്മതിച്ചു.

 അഭിപ്രായവ്യത്യാസങ്ങൾ യു.എൻ ചട്ടങ്ങൾ പ്രകാരം ഉഭയകക്ഷി ചർച്ചകളിലൂടെ സമാധാനപരമായി പരിഹരിക്കാനും ധാരണ. അന്തിമ പരിഹാരം കാണുന്നതുവരെ, ഇരു പക്ഷവും ഏകപക്ഷീയമായി സ്ഥിതിഗതികൾ മാറ്റാൻ പാടില്ല.

 ജമ്മുകാശ്‌മീരിലെ നിയന്ത്രണ രേഖയിൽ ഏകപക്ഷീയമായി മാറ്റം വരുത്താൻ ശ്രമിക്കില്ലെന്നും കരാറിലുണ്ട്. കരാർ മരവിപ്പിക്കുന്നത് വെടിനിർത്തൽ ലംഘനങ്ങൾ, അതിർത്തി കടന്നുള്ള ഷെല്ലാക്രമണം, നുഴഞ്ഞുകയറ്റ ശ്രമങ്ങൾ എന്നിവ വർദ്ധിപ്പിക്കും.