അട്ടാരി - വാഗ അതിർത്തി ഇനി നിശബ്‌ദം
ന്യൂഡൽഹി: നയതന്ത്ര നിയന്ത്രണങ്ങളെ തുടർന്ന് അട്ടാരി - വാഗ അതിർത്തി മൂകമാകുകയാണ്. വൈകുന്നേരങ്ങളിൽ ഇന്ത്യയുടെ ബി.എസ്.എഫും പാകിസ്ഥാന്റെ റേഞ്ചർമാരും ഒന്നിച്ച് നടത്തുന്ന പതാക താഴ്‌ത്തലിന്റെ ഭാഗമായുള്ള ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിനും കർട്ടൻ വീഴും. 1959 മുതൽ തുടങ്ങിയ ചടങ്ങാണിത്.
ദിവസവും വൈകിട്ട് അഞ്ചുമണിക്ക് ദേശീയ പതാക താഴ്ത്തുന്നത്. തുടർന്ന് അതിർത്തി ഗേറ്റുകൾ അടയ്ക്കുന്നതിന്റെ ഭാഗമായുള്ള സൈന്യങ്ങളുടെ ബീറ്റിംഗ് റിട്രീറ്റ് പരേഡ് പ്രശസ്തമാണ്. ഇരു സേനകളുടെയും ശക്തിപ്രകടനത്തിന്റെയും ദേശാഭിമാനത്തിന്റെയും അളവുകോലായാണ് വാഗ അതിർത്തിയിലെ ചടങ്ങ്. തലമുട്ടുന്ന വിധത്തിൽ കാലുയർത്തിയും പ്രത്യേക താളത്തിലും നടത്തുന്ന 'ഹൈ-കിക്കിംഗ്' പരേഡ് കാണാൻ ദിവസവും നൂറുകണക്കിന് ആളുകളെത്താറുണ്ട്. ഇന്ത്യാ-പാക് സൗഹൃദത്തിന്റെ കേന്ദ്രമായിരുന്ന ഇവിടെ ദീപാവലി, ഈദ്, സ്വാതന്ത്ര്യദിനം തുടങ്ങിയ ആഘോഷങ്ങൾക്ക് പ്രത്യേക ചടങ്ങുകളുണ്ടാകും. കൂടാതെ മധുരപലഹാരങ്ങളും ആശംസകളും കൈമാറലുമുണ്ട്.
അതിർത്തിക്ക് ഇരുവശത്തുമുള്ള ബന്ധുക്കളെ കാണാൻ ഇന്ത്യക്കാരും പാകിസ്ഥാൻകാരും പോകുന്ന വഴിയുമാണിത്. ഇന്ത്യയിൽ നിന്ന് പച്ചക്കറികൾ, സോയ ഉത്പന്നങ്ങൾ, പ്ലാസ്റ്റിക് വസ്തുക്കൾ തുടങ്ങിയവ പാകിസ്ഥാനിലേക്കും, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഡ്രൈഫ്രൂട്ട്, സിമന്റ്, മറ്റ് വസ്തുക്കൾ എന്നിവ ഇവിടേക്കും വരുന്ന വഴിയുമിതാണ്. ചരക്കുകളുമായി ട്രക്കുകൾ സ്ഥിരമായി കടന്നുപോകുന്ന ഗേറ്റാണ് അനിശ്ചിതമായി അടച്ചിടുന്നത്.
അതിർത്തിയായി ഗ്രാൻഡ് ട്രങ്ക് റോഡ്
1947ലെ വിഭജനത്തിന് മുമ്പ്, അവിഭക്ത പഞ്ചാബിൽ അമൃത്സറിനെയും ലാഹോറിനെയും ബന്ധിപ്പിച്ചിരുന്ന ദക്ഷിണേഷ്യയിലെ പഴക്കമേറിയതും പ്രധാനപ്പെട്ടതുമായ വ്യാപാര പാതകളിലൊന്നായ ഗ്രാൻഡ് ട്രങ്ക് റോഡിലാണ് അതിർത്തി ഗേറ്റ്. മഹാരാജ രഞ്ജിത് സിംഗിന്റെ സൈനിക കമാൻഡർ ജനറൽ ഷാം സിംഗ് അട്ടാരിവാലയുടെ ഓർമ്മയ്‌ക്കായാണ് അട്ടാരി അതിർത്തിയെന്ന പേര് ഇന്ത്യ നൽകിയത്.