വെറുതെ വിടരുത് ഭീകരരെ; ഉറ്റവർക്ക് കണ്ണീർ പ്രണാമം
ശ്രീനഗർ: ബൈസരൻ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്റലിജൻസ് ബ്യൂറോയിലെ സെക്ഷൻ ഓഫീസറായ മനീഷ് രഞ്ജന്റെ മൃതദേഹം ഇന്നലെ ജന്മനാടായ പശ്ചിമ ബംഗാളിലെ പുരുലിയയിൽ എത്തിച്ചപ്പോൾ ബന്ധുക്കളും നാട്ടുകാരും വിങ്ങിപ്പൊട്ടി. 'ഭീകരരെ വെറുതെ വിടരുതെന്ന്' ഹൃദയവേദനയോടെ അവർ ആവശ്യപ്പെട്ടു. ഭൗതികശരീരം കാണാൻ നൂറുകണക്കിന് പേർ എത്തിയിരുന്നു. വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിലായിരുന്നു അന്ത്യകർമ്മങ്ങൾ.കേന്ദ്രമന്ത്രി സി.ആർ. പാട്ടീലിന്റെ നേതൃത്വത്തിലാണ് കാശ്‌മീരിൽ നിന്നെത്തിച്ച മൃതദേഹം റാഞ്ചി വിമാനത്താവളത്തിൽ ഏറ്റുവാങ്ങിയത്. കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ ബൈസരനിലെത്തിയ മനീഷിന് നേരെ ഭീകരർ നിറയൊഴിച്ചത് ഭാര്യയുടെയും മക്കളുടെയും കൺമുന്നിൽ വച്ചായിരുന്നു.
സന്തോഷത്തോടെ കുടുംബത്തിനൊപ്പം അവധിക്കാലം ആഘോഷിച്ച് ആ ഓർമ്മകളുമായി നാട്ടിലേക്ക് മടങ്ങാൻ എത്തിയവരുടെ മനസിലേക്ക് ദുഃസ്വപ്‌നത്തിന്റെ കരിനിഴലാണ് ഭീകരർ വീഴ്‌ത്തിയത്. ചൊവ്വാഴ്ച ജമ്മു കാശ്‌മീരിലെ പഹൽഗാമിൽ 26 പേരാണ് ഭീകരാക്രമണത്തിന് ഇരയായത്. സൂറത്തിൽ നിന്നുള്ള സുരേഷ് കലാത്തിയുടെ മൃതദേഹം ഇന്നലെ പുലർച്ചയോടെയാണ് ജന്മനാട്ടിലെത്തിച്ചത്. കലാത്തിയ ഭാര്യയോടും രണ്ട് കുട്ടികളോടും ഒപ്പമാണ് പഹൽഗാമിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയത്.
ബാല്യകാല സുഹൃത്തുക്കളും
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ബാല്യകാല സുഹൃത്തക്കളും. സന്തോഷ് ജഗ്ദലെയുടെയും കൗസ്തുഭ് ഗൺബോടെയുടെയും മൃതദേഹങ്ങൾ ഇന്നലെ പൂനെയിലെ വീട്ടിലെത്തിച്ചപ്പോൾ ഹൃദയഭേദകമായി. ഇരുവരും കുടുംബത്തോടൊപ്പം കാശ്‌മീരിലേക്ക് അവധിക്കാലം ആഘോഷിക്കാൻ എത്തിയതായിരുന്നു. ജഗ്ദലെയുടെ അന്ത്യകർമ്മങ്ങൾ ചെയ്‌തത് മകൾ അശ്വരി. അതും പിതാവിന്റെ രക്തകറ പുരണ്ട വസ്ത്രങ്ങൾ ധരിച്ച്. കണ്ടുനിന്നവരുടെ കണ്ണുകൾ ഈറനണിഞ്ഞു. ജഗ്ദലെയുടെയും ഗൺബോടെയുടെയും അന്ത്യകർമങ്ങൾ നവി പേത്ത് പ്രദേശത്തെ വൈകുണ്ഠിലുള്ള വൈദ്യുത ശ്‌മശാനത്തിൽ നടന്നു.
മകനെ കുറിച്ച് അഭിമാനം
ഭീകരരിൽ നിന്ന് സഞ്ചാരിയുടെ ജീവൻ രക്ഷിക്കുന്നതിനിടെ വെടിയേറ്റ് മരിച്ച അവിടുത്തെ കുതിരസവാരിക്കാരൻ ആദിൽ ഹുസൈൻ ഷാ രാജ്യത്തിന്റെ നോവായി. പഹൽഗാമിലെ ഹപത്നാർഡ് ഗ്രാമത്തെ കണ്ണീരിലാഴ്‌ത്തി. ആയിരക്കണക്കിന് ആളുകളാണ് ആദിലിന് അന്തിമോപചാരം അർപ്പിച്ചത്. ഭീകരന്റെ തോക്ക് പിടിച്ചെടുത്ത് ടൂറിസ്റ്രുകളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് 30കാരനായ ആദിൽ കൊല്ലപ്പെട്ടത്. ആദിലിന്റെ ധീരതയ്‌ക്ക് സാമൂഹിക മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ കൈയടിയാണ്. മകനെ കുറിച്ച് അഭിമാനമെന്ന് പിതാവ് ഹൈദർ ഷാ പ്രതികരിച്ചു. മകന്റെ ധീരത കാരണം ചില ടൂറിസ്റ്റുകൾ രക്ഷപ്പെട്ടു. ധീരതയിൽ സന്തോഷിക്കുന്നു.
കരഞ്ഞ് തളർന്ന് ആയുഷി
ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട 33കാരനായ നീരജ് ഉദ്വാനിയുടെ ശവസംസ്‌കാരത്തിനിടെ, കരഞ്ഞു തളർന്ന ആയുഷിയുടെ ദൃശ്യം ഏവരെയും വേദനിപ്പിച്ചു. ബന്ധുക്കൾ ആശ്വസിപ്പിക്കാനാവതെ നിസഹായരായി നിന്നു. ജയ്‌പൂരിലെ ഝലാനയിലുള്ള മോക്ഷ് ധാമിലായിരുന്നു സംസ്‌കാര ചടങ്ങുകൾ. മൂത്ത സഹോദരൻ കിഷോർ ഉദ്വാനിയാണ് അന്ത്യകർമ്മങ്ങൾ നിർവഹിച്ചത്. ദുബായിൽ പഠിച്ചു വളർന്ന നീരജ് ഭാര്യക്കൊപ്പമാണ് കാശ്‌മീരിലെത്തിയത്. ദുബായിലായിരുന്നു ജോലി. 2023ലായിരുന്നു നീരജിന്റെയും ആയുഷിയുടെയും വിവാഹം. ഷിംലയിൽ ഒരു വിവാഹചടങ്ങിൽ പങ്കെടുത്ത ശേഷമാണ് ഇരുവരും പഹൽഗാമിലെത്തിയത്. കാശ്‌മീർ സന്ദർശനത്തിനു പിന്നാലെ ദുബായിലേക്ക് മടങ്ങാനായിരുന്നു തീരുമാനം.