പ​ഹ​ൽ​ഗാം ഭീകരാക്രമണം: വെള്ളപൂശി വിദേശ മാദ്ധ്യമങ്ങൾ

Friday 25 April 2025 6:58 AM IST

ന്യൂഡൽഹി: ​പ​ഹ​ൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ,യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടങ്ങിയ ലോക നേതാക്കൾ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. ഭീകരവാദത്തിനെതിരെ ശക്തമായ സന്ദേശം നൽകിയ നേതാക്കൾ തീവ്രവാദികൾക്കെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തിന് ഐക്യദാർഢ്യവും പ്രഖ്യാപിച്ചിരുന്നു. എന്നാൽ മുൻനിര പാശ്ചാത്യ മാദ്ധ്യമങ്ങൾ ഭീകരാക്രമണത്തിന് മതിയായ പ്രാധാന്യം നൽകിയില്ലെന്ന ആരോപണം ശക്തമാവുകയാണ്.

ലോകനേതാക്കൾ ​പ​ഹ​ൽ​ഗാമിലുണ്ടായ ക്രൂരകൃത്യത്തെ 'ഭീകരാക്രമണം" എന്ന് വിശേഷിപ്പിച്ചെങ്കിലും പ്രമുഖ ബ്രിട്ടീഷ്,അമേരിക്കൻ മാദ്ധ്യമങ്ങൾ ഈ പദം ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിന്നു. ആക്രമണം നടത്തിയവരെ 'തീവ്രവാദി"കൾ എന്നതിന് പകരം തോക്കുധാരികൾ,ആയുധധാരികൾ,കലാപകാരികൾ തുടങ്ങിയ പദങ്ങളിലൂടെയാണ് വിശേഷിപ്പിച്ചത്.

കാശ്മീർ വെടിവയ്പിൽ വിനോദ സഞ്ചാരികൾ കൊല്ലപ്പെട്ടെന്നാണ് ഒരു തുർക്കിഷ് മാദ്ധ്യമം റിപ്പോർട്ട് ചെയ്തത്. 2001 സെപ്തംബർ 11ന് യു.എസിലുണ്ടായ 2,977 പേരുടെ ജീവനെടുത്ത അൽ-ക്വഇദ ഭീകരാക്രമണത്തെ,'വേൾഡ് ട്രേഡ് സെന്റർ തകർന്ന് മരണം" എന്ന് പറയുന്നതിന് തുല്യാമായിപ്പോയെന്ന് വിമർശകർ ചൂണ്ടിക്കാട്ടി.

ഖത്തർ ആസ്ഥാനമായുള്ള പ്രമുഖ ഇംഗ്ലീഷ് മാദ്ധ്യമം കാശ്മീരിലെ തീവ്രവാദികളെ വിശേഷിപ്പിക്കുന്നാകട്ടെ 'വിമതർ" എന്നും. പാക് ഭീകര സംഘടനയായ ലഷ്‌കറുമായി ബന്ധമുള്ള ദ റെസിസ്റ്റന്റ് ഫ്രണ്ട് ഉത്തരാവാദിത്വം ഏറ്റെടുത്തിട്ടും ​പ​ഹ​ൽ​ഗാമിലുണ്ടായ ആക്രമണത്തെ 'ഭീകരാക്രമണ"മെന്നോ പിന്നിൽ പ്രവർത്തിച്ചവരെ 'തീവ്രവാദി"കൾ എന്നോ വിശേഷിപ്പിക്കാൻ ഈ മാദ്ധ്യമം തയ്യാറായില്ല.

കാശ്മീരിനെ ഇന്ത്യയുടെ ഭാഗമായി ചിത്രീകരിക്കാൻ പോലും ചില മാദ്ധ്യമങ്ങൾ വിമുഖത കാട്ടുന്നു എന്നതും ശ്രദ്ധേയമാണ്. 'ഇന്ത്യൻ നിയന്ത്രണത്തിലുള്ള കാശ്മീർ" എന്നാണ് ചില പ്രമുഖ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കോടിക്കണക്കിന് ഉപഭോക്താക്കളുള്ള മാദ്ധ്യമങ്ങളിൽ വരുന്ന ഇത്തരം വിവരങ്ങൾ അവരുടെ പക്ഷപാതങ്ങൾ തുറന്നുകാട്ടി.