മാർപാപ്പയ്ക്ക് ആദരമർപ്പിച്ച് ആയിരങ്ങൾ

Friday 25 April 2025 7:02 AM IST

വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയ്ക്ക് (88) ആദരാഞ്ജലി അർപ്പിക്കാൻ വത്തിക്കാനിലെ സെന്റ് പീറ്രേഴ്സ് ബസിലിക്കയിലേക്ക് ഒഴുകിയെത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് വിശ്വാസികൾ. ബുധനാഴ്ചയാണ് മാർപാപ്പയുടെ ഭൗതികദേഹം ബസിലിക്കയിൽ പൊതുദർശനത്തിന് എത്തിച്ചത്.

50,000ത്തിലേറെ പേർ മാർപാപ്പയെ കാണാൻ വരിയിൽ അണിനിരന്നതായി വത്തിക്കാൻ ഇന്നലെ പറഞ്ഞു. നാളെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് (പ്രാദേശിക സമയം രാവിലെ 10) ബസിലിക്കയ്ക്ക് മുന്നിൽ മാർപാപ്പയുടെ സംസ്‌കാര ശുശ്രൂഷകൾ നടക്കും. തുടർന്ന് റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിൽ ഭൗതികശരീരം സംസ്‌കരിക്കും. 2,00,000ത്തിലേറെ പേർ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാൻ സെന്റ് പീറ്രേഴ്സ് ചത്വരത്തിലെത്തുമെന്നാണ് കരുതുന്നത്.

 രാഷ്ട്രപതി വത്തിക്കാനിലേക്ക്

ന്യൂഡൽഹി: ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് വത്തിക്കാനിലേക്ക് തിരിക്കും. രണ്ടുദിവസം വത്തിക്കാനിലുണ്ടാകും. സംസ്കാരം നടക്കുന്ന ശനിയാഴ്ച ഇന്ത്യയിൽ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.