2019 മുതല്‍ സജീവം, ലക്ഷ്യമിടുന്നത് സാധാരണക്കാരെ; ടിആര്‍എഫിന്റെ റിക്രൂട്ടിംഗ് മുഴുവന്‍ ഓണ്‍ലൈന്‍ വഴി
ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണം ഇന്ത്യ - പാകിസ്ഥാന്‍ ബന്ധത്തെ കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. കടുത്ത നടപടികള്‍ പ്രഖ്യാപിച്ച ഇന്ത്യ തിരിച്ചടി നല്‍കാനുള്ള തയ്യാറെടുപ്പിലാണ്. ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഒരു ആക്രമണം ഏത് സമയത്തും ഉണ്ടായേക്കാമെന്ന ഭയത്തിലാണ് പാകിസ്ഥാന്‍. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്ഥാനാണെന്ന് ഇന്ത്യ കൃത്യമായി ആരോപിക്കുന്നുമുണ്ട്. തെളിവ് സഹിതമാണ് ഇന്ത്യയുടെ ആരോപണങ്ങള്‍.
രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത് ദി റസിസ്റ്റന്റ്‌സ് ഫ്രണ്ട് (ടിആര്‍എഫ്) ആണ്. പാക് ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയുടെ നിഴലായി അറിയപ്പെടുന്ന സംഘമാണ് ടിആര്‍എഫ്. ആറ് വര്‍ഷമായി ഈ ഭീകര സംഘടന വളരെ സജീവമായി കാശ്മീരില്‍ രംഗത്തുണ്ട്. 2019ല്‍ കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് പിന്നാലെയാണ് ടിആര്‍എഫിന്റെ പിറവി സംഭവിച്ചത്.
രൂപംകൊണ്ട് നാല് വര്‍ഷങ്ങള്‍ക്കിപ്പുറം 2023ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം യുഎപിഎ ചുമത്തി ടിആര്‍എഫിനെ നിരോധിത സംഘടനയായി പ്രഖ്യാപിക്കുകയും ചെയ്തു. ഭീകരപ്രവര്‍ത്തനത്തിന് പുറമേ അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റം, ആയുധക്കടത്ത്, ലഹരി ഇടപാടുകള്‍ എന്നിവയില്‍ ടിആര്‍എഫിന്റെ ഇടപെടലുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നടപടി. സംഘത്തിന്റെ കമാന്‍ഡറായ ഷെയ്ഖ് സജാദ് ഗുള്ളിനെ യുഎപിഎ ചുമത്തി കൊടുംഭീകരനായി പ്രഖ്യാപിച്ചതുമാണ്.
തൊഴിലാളികളേയും സാധാരണക്കാരേയുമാണ് ടിആര്‍എഫ് എന്നും കൊലയ്ക്ക് ഇരയാക്കിയിരുന്നത്. ബംഗാളില്‍നിന്നുള്ള 5 മുസ്ലിം തൊഴിലാളികളെ 2019 ഒക്ടോബറില്‍ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ കൊലപ്പെടുത്തിയാണ് ടിആര്‍എഫ് രംഗപ്രവേശം ചെയ്തത്. ഇതരസംസ്ഥാനക്കാര്‍ക്കെതിരെ ആസൂത്രിതമായ ആക്രമണപരമ്പരകളാണു തുടര്‍ന്നു നടത്തിയത്. 2021 ല്‍ തുടര്‍ച്ചയായ ആക്രമണങ്ങളുണ്ടായതോടെ ജമ്മു കശ്മീരില്‍നിന്നു കുടിയേറ്റതൊഴിലാളികള്‍ കൂട്ടപ്പലായനം തുടങ്ങിയിരുന്നു.
സമൂഹമാദ്ധ്യമങ്ങളും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമും ഉപയോഗിച്ചാണ് ടിആര്‍എഫ് അവരുടെ സംഘത്തിലേക്ക് റിക്രൂട്‌മെന്റ് നടത്തിയിരുന്നത്. ഏറ്റവും പുതിയ ആയുധങ്ങള്‍ വരെ സംഘത്തിന്റെ കൈവശമുണ്ടായിരുന്നു. കാശ്മീരില്‍ സുരക്ഷാ സേനയ്ക്ക് എതിരെ നടത്തിയ ആക്രമണങ്ങള്‍ ഉള്‍പ്പെടെ ഇവര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചിരുന്നു. ടിആര്‍എഫിലെ മുഖ്യ തീവ്രവാദികളെല്ലാം തന്നെ പാകിസ്ഥാനില്‍ പരിശീലനം ലഭിച്ച് പിന്നീട് കാശ്മീരിലേക്ക് തിരികെ എത്തിയവരാണ്.