ഇത് യുദ്ധമെന്ന് പറഞ്ഞത് വെറുതേയല്ല; ഇന്ത്യയുടെ ഈ നീക്കം പാകിസ്ഥാന്റെ അടിവേരറുക്കും

Friday 25 April 2025 8:32 AM IST

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നടപടികളാണ് ഇന്ത്യ പ്രഖ്യാപിച്ചത്. ഇന്ത്യക്കാരുടെ വിലപ്പെട്ട ജീവന്‍ അപഹരിച്ച തീവ്രവാദ ആക്രമണത്തിന് പ്രതീക്ഷിക്കാത്ത തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ക്യാബിനറ്റ് കമ്മിറ്റി യോഗത്തില്‍ ഇന്ത്യ കൈക്കൊണ്ട നിര്‍ണായക തീരുമാനങ്ങളില്‍ ഒന്ന് സിന്ധു നദീജല കരാര്‍ മരവിപ്പിക്കുന്നത് ആയിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനവും ഇന്ത്യ പുറത്തിറക്കിയിരുന്നു.

നദീജല കരാര്‍ മരവിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ യുദ്ധപ്രഖ്യാപനമെന്നാണ് പാകിസ്ഥാന്‍ വിശേഷിപ്പിച്ചത്. തകര്‍ന്നടിഞ്ഞ സമ്പദ് വ്യവസ്ഥയും ആഭ്യന്തര പ്രശ്‌നങ്ങളും കാരണം വശംകെട്ട് നില്‍ക്കുന്ന പാകിസ്ഥാനെ സംബന്ധിച്ച് ഇന്ത്യയുടെ ഈ നീക്കം കനത്ത പ്രഹരമാണ് സമ്മാനിക്കുക. പാകിസ്ഥാന്റെ സമ്പദ് വ്യവസ്ഥയുടെ ആണിക്കല്ലെന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന ഒന്നാണ് നദീജല കരാര്‍. കൃഷി, ജലസേചനം, ഊര്‍ജം എന്നീ മേഖലകളില്‍ പാകിസ്ഥാന്‍ ആശ്രയിക്കുന്നത് പ്രധാനമായും ഈ ഉടമ്പടിപ്രകാരം വിട്ടുകിട്ടുന്ന ജലസ്രോതസ്സുകളെയാണ്.

പാകിസ്ഥാന്റെ സമ്പദ് വ്യവസ്ഥയെ തന്നെ താറുമാറാക്കാന്‍ ഈ നീക്കത്തിലൂടെ കഴിയുമെന്നും അതിലൂടെ തീവ്രവാദത്തിന് പാകിസ്ഥാന്‍ നല്‍കുന്ന പണത്തിന്റെ ഒഴുക്ക് കുറയ്ക്കാന്‍ സാധിക്കുമെന്നുമാണ് ഇന്ത്യ ഈ നീക്കം നടത്തുമ്പോള്‍ കണക്കുകൂട്ടുന്നത്. നദികളില്‍ നിന്നുള്ള ജലം പാകിസ്ഥാന് ലഭിക്കുന്നത് പൂര്‍ണമായും തടസ്സപ്പെടാന്‍ ഇനിയും കാലങ്ങളെടുക്കും. ഇത് നടപ്പിലാകാന്‍ ജലത്തെ സംഭരിച്ച് നിര്‍ത്താന്‍ അണക്കെട്ടുകള്‍ അടക്കം ഇന്ത്യ നിര്‍മിക്കേണ്ടതായി വരും. നദീജലത്തിന്റെ 80% പാകിസ്ഥാനാണ് പ്രയോജനപ്പെടുത്തിയിരുന്നത്.

നദീജല കരാര്‍ റദ്ദാക്കി വിജ്ഞാപനം പുറത്തിറക്കിയ ഇന്ത്യ ഇത് ഔദ്യോഗികമായി പാകിസ്ഥാനെ അറിയിച്ചുകഴിഞ്ഞു. നിരന്തരം ഇന്ത്യന്‍ അതിര്‍ത്തി കടന്നുള്ള പാകിസ്ഥാന്റെ ഭീകരാക്രമമാണ് കരാറില്‍ നിന്ന് പിന്‍മാറാനുള്ള കാരണമായി ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്. പാകിസ്ഥാന്‍ നടത്തിയ മറ്റ് ലംഘനങ്ങള്‍ക്ക് പുറമെ, കരാറില്‍ വിഭാവനം ചെയ്തിട്ടുള്ളതുപോലെ ചര്‍ച്ചകളില്‍ ഏര്‍പ്പെടാനുള്ള ഇന്ത്യയുടെ അഭ്യര്‍ത്ഥനയോട് പ്രതികരിക്കാന്‍ പാകിസ്ഥാന്‍ വിസമ്മതിക്കുകയും കരാര്‍ ലംഘിക്കുകയും ചെയ്തുവെന്ന് ജലശക്തി മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നു.

അതേസമയം, കടുത്ത നടപടികളിലേക്ക് ഇന്ത്യ കടന്നതിന് പിന്നാലെ പാകിസ്ഥാനും പ്രതികരിച്ചിരുന്നു. സിന്ധു നദീജല കരാര്‍ ലംഘിക്കുന്നത് യുദ്ധമായി കണക്കാക്കുമെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കി. സിന്ധു നദീ ജല കരാര്‍ പ്രകാരം പാകിസ്ഥാന് ലഭിക്കേണ്ട വെള്ളം വഴിതിരിച്ചുവിടാനോ തടയാനോയുള്ള ഏതൊരു നടപടിയും യുദ്ധസമാന നടപടിയായി കണക്കാക്കുമെന്നാണ് പാകിസ്ഥാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ സമ്മര്‍ദ്ദ തന്ത്രം ഒന്നുംതന്നെ വിലപ്പോയില്ല.

എന്താണ് സിന്ധു നദീജല ഉടമ്പടി

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ജല പങ്കിടൽ കരാർ. ലോകബാങ്കിന്റെ മദ്ധ്യസ്ഥതയിൽ 1960 സെപ്‌തംബറിൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും പാക്കിസ്ഥാൻ പ്രസിഡന്റ് അയൂബ് ഖാനും തമ്മിൽ ഉടമ്പടി ഒപ്പിട്ടു. 9 വർഷത്തോളം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിലാണ് കരാർ യാഥാർത്ഥ്യമായത്.കരാർപ്രകാരം സിന്ധു, ഝലം, ചെനാബ് - പടിഞ്ഞാറൻ നദികൾ പാക്കിസ്ഥാന്. രവി, ബിയാസ്, സത്‌ലജ് - കിഴക്കൻ നദികൾ ഇന്ത്യയ്‌ക്ക്. അതിലെ ജലം ഇന്ത്യയ്‌ക്കും പാക്കിസ്ഥാനും ഒരുപോലെ പ്രധാനം.

ഇന്ത്യയ്‌ക്കുള്ള പ്രയോജനം

ജമ്മു കശ്മീരിലെ പടിഞ്ഞാറൻ നദികളിലെ കിഷൻഗംഗ റിസർവോയറിന്റെയും മറ്റ് പദ്ധതികളുടെയും റിസർവോയറിലെ അവശിഷ്‌ടങ്ങൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച നിയന്ത്രണങ്ങൾ പാലിക്കാൻ ഇനി ഇന്ത്യയ്‌ക്ക് ബാദ്ധ്യതയില്ല. ഉടമ്പടി പ്രകാരമാണെങ്കിൽ, റിസർവോയറിലെ അവശിഷ്‌ടങ്ങൾ നീക്കം ചെയ്‌ത ശേഷം റിസർവോയറിൽ ജലംനിറയ്‌ക്കൽ മൺസൂൺ സമയമായ ആഗസ്റ്റ് മാസത്തിൽ നടത്തണം. കരാർ മരവിപ്പിച്ചതോടെ എപ്പോൾ വേണമെങ്കിലും അതിനാകും.