ബിഎസ്എഫ് ജവാൻ പാക് സൈന്യത്തിന്റെ പിടിയിൽ; വിട്ടുകിട്ടാൻ തീവ്രശ്രമം, ഫ്ളാഗ് മീറ്റിംഗ് നടത്തും

Friday 25 April 2025 11:03 AM IST

ന്യൂഡൽഹി: പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ അതിർത്തി കടന്നെന്നാരോപിച്ച് ബോർഡർ സെക്യൂരിറ്റി ഫോഴ്സിലെ (ബിഎസ്എഫ്) ജവാനെ കസ്റ്റഡിയിലെടുത്ത് പാകിസ്ഥാൻ സൈന്യം. 182-ാം ബറ്റാലിയൻ കോൺസ്റ്റബിളായ പുർണബ് കുമാർ ഷായെ പഞ്ചാബിലെ ഇന്ത്യാ- പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് ബുധനാഴ്ചയാണ് പിടികൂടിയത്. ഇരുരാജ്യങ്ങളുടെയും അതിർത്തിക്കിടയിലുള്ള സ്ഥലത്ത് കർഷകരുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനിടെ അബദ്ധത്തിൽ ജവാൻ അതിർത്തി കടക്കുകയായിരുന്നു.

ഇദ്ദേഹം കർഷകർക്കൊപ്പം നിൽക്കവേ പാക് സേന കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിയന്ത്രണ രേഖ കഴിഞ്ഞ് 30 മീറ്റർ അകലെ വച്ചാണ് ജവാനെ പാകിസ്ഥാൻ സൈന്യം കസ്റ്റഡിയിലെടുത്തത്. ഇരുരാജ്യങ്ങൾക്കുമിടയിലുള്ള നോ മാൻസ് ലാൻഡിൽ കർഷകർ വിളവെടുക്കുന്നുണ്ടായിരുന്നു. ഇവർക്ക് നിർദ്ദേശം നൽകി മുന്നോട്ടുപോകവേയാണ് ജവാൻ പാകിസ്ഥാൻ അതിർത്തി അബദ്ധത്തിൽ കടന്നത്. ഇദ്ദേഹത്തെ സുരക്ഷിതമായി വിട്ടുകിട്ടാനായി ബുധനാഴ്ച വൈകുന്നേരവും വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കും ഫ്‌ളാഗ് മീറ്റിംഗ് വിളിച്ചിരുന്നു. എന്നാൽ യോഗത്തിൽ കൃത്യമായ തീരുമാനങ്ങൾ ഉണ്ടായില്ല.

ഉദ്യോഗസ്ഥന്റെ സുരക്ഷയും പെട്ടെന്ന് തിരിച്ചെത്തിക്കുന്നതിനുളള ശ്രമങ്ങളും നടന്നുവരികയാണെന്ന് ബിഎസ്എഫ് പഞ്ചാബ് ഫ്രോണ്ടിയർ ഇൻസ്‌പെക്ടർ ജനറൽ അതുൽ ഫുൾസെലെ പഞ്ഞു. വീണ്ടും ഫ്ലാഗ് മീറ്റിംഗ് വിളിച്ചു ചേർക്കാനുളള നടപടികളിലേക്ക് ഉദ്യോഗസ്ഥർ കടന്നേക്കും.അതേസമയം, ജവാനെ മോചിപ്പിക്കാൻ പാകിസ്ഥാൻ തയ്യാറായിട്ടില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ജവാന്റെ ചിത്രങ്ങളും പാകിസ്ഥാൻ സൈന്യം പുറത്തുവിട്ടിട്ടുണ്ട്. ഫ്ളാഗ് മീറ്റിംഗ് വഴി ചർച്ചയിലൂടെ മോചിപ്പിക്കാനാണ് ശ്രമം തുടരുന്നത്. ഇരുരാജ്യങ്ങൾക്കും ഇടയിലെ തർക്കം രൂക്ഷമാകവേ അതിർത്തിയിൽ സേനകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.