'മുഖംമൂടി ധരിക്കാൻ ചില നടന്മാർക്ക് നന്നായി അറിയാം'; സിനിമാ മേഖലയിലെ സ്‌ത്രീ വിരുദ്ധതയെക്കുറിച്ച് മാളവിക

Friday 25 April 2025 11:22 AM IST

സിനിമാ മേഖലയിൽ സ്‌ത്രീ വിരുദ്ധത എത്രത്തോളമുണ്ടെന്ന് വെളിപ്പെടുത്തി നടി മാളവികാ മോഹനൻ. ഫെമിനിസ്റ്റുകൾ എന്ന് നടിക്കുന്ന ചില പുരുഷ സഹപ്രവർത്തകരെ മാളവിക രൂക്ഷമായി വിമർശിച്ചു. ഇത്തരക്കാർക്ക് പുരോഗമനവാദത്തിന്റെ മുഖംമൂടി എങ്ങനെ ധരിക്കണമെന്ന് കൃത്യമായി അറിയാമെന്നും അവർ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തൽ.

'സിനിമാ മേഖലയിൽ അസമത്വം ഇല്ലായെന്ന് ഞാൻ കരുതുന്നില്ല. പുരുഷന്മാർ വളരെ സ്‌മാർട്ടായിട്ടുണ്ട്. ഇക്കാര്യം ഞാൻ ഒരുപാട് നടന്മാരിൽ കണ്ടിട്ടുണ്ട്. കഴിഞ്ഞ അഞ്ചോ ആറോ വർഷത്തിനിടെ പുരോഗമനവാദത്തിന്റെ മുഖംമൂടി എങ്ങനെ ധരിക്കണമെന്ന് അവർക്കറിയാം.

പുരോഗമനപരമായി ചിന്തിക്കുന്ന, സ്‌ത്രീകളെ തുല്യരായി പരിഗണിക്കുന്ന സ്‌ത്രീപക്ഷവാദികളാണ് തങ്ങളെന്ന് തോന്നിക്കാൻ എന്ത് പറയണമെന്ന് അവർക്ക് കൃത്യമായി അറിയാം. പൊതുയിടങ്ങളിൽ നിന്ന് മാറിക്കഴിഞ്ഞാൽ അവർ എത്ര വലിയ സ്‌ത്രീവിരുദ്ധരാണെന്നും ഞാൻ കണ്ടിട്ടുണ്ട് ', മാളവിക പറഞ്ഞു.

മോഹൻലാൽ - സത്യൻ അന്തിക്കാട് കൂട്ടുകെട്ടിലൊരുങ്ങുന്ന 'ഹൃദയപൂർവം' ആണ് മാളവിക അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം. തെലുങ്കിൽ പ്രഭാസിനൊപ്പം 'ദി രാജാ സാബ്', തമിഴിൽ കാർത്തിക്കിനൊപ്പം 'സർദാർ 2' എന്നീ ചിത്രങ്ങളിലും മാളവിക എത്തുന്നുണ്ട്. ദുൽഖർ സൽമാൻ നായകനായ 'പട്ടം പോലെ' എന്ന ചിത്രത്തിലൂടെയാണ് മാളവിക വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ നടി അഭിനയിച്ചു.