ജീവിതത്തിന്റെ 'ഗന്ധയാമിനി'
ചരിത്രസംഭവത്തെ വൈകാരികതയാർന്ന പ്രണയകഥയുമായി കോർത്തിണക്കിയ നോവലാണ് സാഹിത്യകാരൻ ഷാനവാസ് പോങ്ങനാടിന്റെ 'ഗന്ധയാമിനി'. 'നിലംതൊട്ട നക്ഷത്രങ്ങൾ' എന്ന നോവലിൽ എഴുപതുകളിലെ കേരളത്തിലെ നക്സലൈറ്റ് പ്രക്ഷോഭങ്ങളെക്കുറിച്ച് എഴുതിയ നോവലിസ്റ്റ് പുതിയ നോവലിൽ ഗുജറാത്തിലെ വർഗീയ കലാപത്തിലൂടെ ജീവിതം തകർന്നവരെ അവതരിപ്പിക്കുന്നു. ഒരു സന്ധ്യയിൽ നാട്ടുകവലയിലേക്ക് വന്ന അജ്ഞാതനായ മനുഷ്യന്റെയും ഒപ്പമുള്ള പെൺകുട്ടിയുടെയും ജീവിതത്തിൽ നിന്നുമാണ് നോവൽ ആരംഭിക്കുന്നത്. കനകരാജൻ എന്ന ചരിത്രകാരന്റെയും മനുഷ്യസ്‌നേഹിയായ സുധീശന്റെയും ജീവിതത്തിലൂടെ മനഃസാക്ഷിയെ പിടിച്ചുലയ്ക്കുന്ന നിരവധി സംഭവങ്ങൾ നോവലിൽ വന്നുപോകുമ്പോൾ വായനക്കാരനും കഥാപാത്രങ്ങളിൽ ഒരാളാകുന്നു. എന്നാൽ കനകരാജൻ ഉള്ളിലൊതുക്കിയ വേദനകളൊന്നും ഒപ്പമുള്ളവർ തിരിച്ചറിയുന്നില്ല. നോവൽ വായിച്ചുതുടങ്ങുമ്പോൾ വെറും നാട്ടിൻപുറത്തിന്റെ കഥയായി തോന്നിയേക്കാം. എന്നാൽ വായന തുടരുമ്പോൾ ഗുജറാത്തിലെ വർഗീയ കലാപത്തിന്റെ തീപാറുന്ന അന്തരീക്ഷത്തിലേക്കാണ് ചെന്നെത്തുന്നത്. വർഗീയതയുടെ പൈശാകിക മുഖവും സാമൂഹിക ജീർണതയും നോവലിൽ മിന്നിമറയുന്നു. രാഷ്ട്രീയപരമായി കോളിളക്കമുണ്ടാക്കിയ വിഷയത്തെ പക്വതയോടെയും അതിസൂക്ഷ്മതയോടെയുമാണ് എഴുത്തുകാരൻ സമീപിച്ചിട്ടുള്ളത്. സുജാത എന്ന കഥാപാത്രത്തിന്റെ ദുരിതകഥ കേരളത്തിന്റെ സാമൂഹിക യാഥാർത്ഥ്യങ്ങൾക്കു നേരെ പിടിച്ച കണ്ണാടിയാണ്. സ്നേഹത്തിന്റെ പ്രതിരൂപമാകുമ്പോഴും ജീവിതം സുജാതയെ പല വിധത്തിൽ വേട്ടയാടുന്നു. ദയയും അനുകമ്പയും ഉണ്ടായിട്ടും വേദന സഹിക്കേണ്ടി വരുന്ന സ്ത്രീകളുടെ പ്രതീകമാണ് സുജാതയെന്ന് നോവൽ പറയാതെ പറയുന്നു. നോവലിന്റെ കഥാഗതിയെ സ്വാധീനിക്കുന്ന മറ്റൊരു കഥാപാത്രമാണ് രഞ്ജിനി. സ്നേഹവും അനുകമ്പയും പ്രകടിപ്പിക്കാതെ ജീവിക്കുന്ന രഞ്ജിനിയെ ഒരു പോരാളിയായാണ് നോവലിസ്റ്റ് ചിത്രീകരിക്കുന്നത്. ജീവിതസാഹചര്യങ്ങൾ തന്നെയാണ് രഞ്ജിനിയെയും മാറ്റിയത്. സുധീശൻ എന്ന കഥാപാത്രവും രഞ്ജിനിയുമായുള്ള പ്രണയത്തിന്റെ തീവ്രത ആഴത്തിൽ അവതരിപ്പിക്കാനും സാധിച്ചിട്ടുണ്ട്. നോവലിന്റെ തുടക്കം തെക്കൻ കേരളത്തിലെ കീഴ്‌പേരൂർ എന്ന ഗ്രാമത്തെ ചുറ്റിപ്പറ്റിയാണ് നിൽക്കുന്നതെങ്കിലും പെട്ടെന്നാണ് കഥ ഗുജറാത്തിലേക്കും പ്രണയത്തിന്റെ പൂന്തോട്ടങ്ങളിലേക്കുമെല്ലാം പോകുന്നത്. ഗോധ്രാകലാപം പ്രമേയമായ മലയാളത്തിലെ ആദ്യ നോവലായിരിക്കും ഗന്ധയാമിനി.
പാരായണ ക്ഷമതയാണ് ഗന്ധയാമിനിയുടെ സവിശേഷത. ലളിതവും സുന്ദരവുമായ ആഖ്യാന ശൈലിയാണ് നോവലിൽ സ്വീകരിച്ചിരിക്കുന്നത്. കേരളവുമായി ബന്ധമില്ലാത്ത ഒരു സംഭവത്തെ തന്മയത്വത്തോടെ കേരളത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കാൻ നോവലിസ്റ്റിന് സാധിച്ചു. മനുഷ്യബന്ധങ്ങളുടെ നിഗൂഢതകളിലേക്ക് കടന്നുചെല്ലുന്ന കൃതികൂടിയാണിത്. സ്ത്രീപക്ഷ നോവൽ എന്നതിലുപരി മനുഷ്യപക്ഷ നോവലാണിത്.
വില: 330 രൂപ
പബ്ലിഷർ മെലിൻഡ ബുക്സ്.