നാഷണൽ ഹെറാൾഡ് കേസിൽ ഇഡിക്ക് തിരിച്ചടി; സോണിയയ്ക്കും രാഹുലിനും നോട്ടീസ് അയക്കാൻ വിസമ്മതിച്ച് കോടതി

Friday 25 April 2025 3:55 PM IST

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നോട്ടീസ് അയക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം വിസമ്മതിച്ച് കോടതി. ഡൽഹിയിലെ റോസ് അവന്യു കോടതിയാണ് കേസിൽ കൂടുതൽ വ്യക്ത വരുത്തിയത്. ഇഡി സമർപ്പിച്ച കുറ്റപത്രം അപൂർണമാണെന്നും ജഡ്ജി വിശാൽ ഗോഗ്നെ ചൂണ്ടിക്കാട്ടി. കൂടുതൽ രേഖകൾ ഹാജരാക്കാൻ ഇഡിയോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാക്കൾക്ക് നോട്ടീസ് നൽകേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെടണമെന്നും കോടതി വ്യക്തമാക്കി. മേയ് രണ്ടിന് കേസ് വീണ്ടും പരിഗണിക്കും.

നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേർണൽസിന്റെ കോടികൾ വില വരുന്ന ആസ്തി സോണിയയും രാഹുലും ഡയറക്ടർമാരായ യംഗ് ഇന്ത്യൻ എന്ന കമ്പനി തട്ടിയെടുത്തുവെന്ന ബിജെപി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമിയുടെ പരാതിയിലാണ് ഇഡി കേസെടുത്തത്. നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ നടത്തിപ്പ് കമ്പനിയായിരുന്ന അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്ന് 90 കോടി രൂപ പലിശയില്ലാ വായ്പ എടുത്തിരുന്നു. ഈ തുക തിരിച്ചടയ്ക്കാതെ വന്നപ്പോള്‍ 2010ൽ അഞ്ചു ലക്ഷം രൂപ മൂലധനവുമായി രൂപീകരിച്ച യംഗ് ഇന്ത്യന്‍ എന്ന കമ്പനി 5000 കോടിയുടെ സ്വത്തുള്ള അസോസിയേറ്റഡ് ജേണല്‍സ് കമ്പനിയെ കൈവശപ്പെടുത്തിയെന്നാണ് ആരോപണം.

സോണിയ, രാഹുല്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സാം പിട്രോഡ തുടങ്ങിയവരാണ് യങ് ഇന്ത്യന്‍ കമ്പനിയുടെ ഡയറക്ടര്‍മാര്‍. സുബ്രഹ്‌മണ്യന്‍ സ്വാമിയാണ് കേസ് കൊടുത്തത്. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കൂട്ടാളികളും ചേര്‍ന്ന്, കോടിക്കണക്കിനു രൂപയുടെ സ്വത്തുള്ള എ.ജെ.എല്‍ എന്ന കമ്പനിയെ യംഗ് ഇന്ത്യ എന്നൊരു കമ്പനി രൂപീകരിച്ച് തട്ടിയെടുത്തുവെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്.