കുടിശിക പെരുകി, ജൽജീവൻ നിശ്ചലം
കോട്ടയം : എല്ലാ ഗ്രാമീണവീടുകളിലും കുടിവെള്ളമെത്തിക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച ജൽജീവൻ മിഷൻ പദ്ധതി സാമ്പത്തിക പ്രതിസന്ധിയിൽ നിശ്ചലമായി. കുടിശിക പെരുകിയതോടെ കരാറുകാർ പ്രവൃത്തികൾ ഏറ്റെടുക്കുന്നില്ല. ഇതുവരെ നൽകിയത് 38,42,407 കണക്ഷനുകൾ മാത്രം. ഇനി നൽകാനുള്ളത് 31,39,702 കണക്ഷനാണ്. പദ്ധതി നടത്തിപ്പിൽ കേരളം രാജ്യത്ത് ഏറ്റവും പിന്നിലേയ്ക്ക് പോയി. 44,714.78 കോടി ചെലവിൽ 2019 ൽ തുടങ്ങിയ പദ്ധതി 2023 മാർച്ചിൽ പൂർത്തിയാക്കാനാണ് നിർദ്ദേശിച്ചിരുന്നതെങ്കിലും എങ്ങുമെത്താത്തതിനാൽ 2028 വരെ നീട്ടി. ഇതുവരെ 10,500 കോടി മാത്രമാണ് ചെലവഴിച്ചത്. കരാറുകാർക്കുള്ള കുടിശിക 4500 കോടി രൂപയാണ്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് തുല്യസാമ്പത്തിക പങ്കാളിത്തമുള്ള പദ്ധതിക്കായി സംസ്ഥാനവിഹിതം കൃത്യമായി അടയ്ക്കാത്തതാണ് കുടിശിക കൂടാൻ കാരണം. സാമ്പത്തിക ബാദ്ധ്യത ഉന്നയിച്ചു കരാറുകാർ സമരം നടത്തിയതിനെ തുടർന്ന് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 500 കോടി മാത്രമാണ് നൽകിയത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് നേരത്തെ അനുവദിച്ച 500 കോടിക്ക് പുറമെ 452 കോടി കൂടി അനുവദിച്ച് ചേർത്ത് സംസ്ഥാനത്തിന്റെ ഒരു വിഹിതമായ 952 അടയ്ക്കാൻ തീരുമാനമെടുത്തിരുന്നു. എന്നാൽ 452 കോടിയ്ക്ക് ധനവകുപ്പിൽ നിന്ന് അനുമതി കിട്ടാത്തതിനാൽ മുഴുവൻ പണവും അടയ്ക്കാനായില്ല. ഇതിനാൽ ആനുപാതികമായി കിട്ടേണ്ട കേന്ദ്രവിഹിതമായ 952 കോടിയും നഷ്ടമായി.
റോഡ് വെട്ടിപ്പൊളിച്ചത് മിച്ചം
ജില്ലയിൽ മിക്ക പ്രദേശങ്ങളിലും റോഡ് വെട്ടിപ്പൊളിച്ച് പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടുണ്ട്. ജലസംഭരണി നിർമ്മിച്ചിട്ടില്ല. വെട്ടിപ്പൊളിച്ച റോഡ് പൂർവസ്ഥിതിയിലാക്കാത്തതിനാൽ വാഹനയാത്രക്കാർക്കും ദുരിതമായി. ചിലയിടങ്ങളിൽ പൈപ്പുലൈൻ സജ്ജമാക്കിയെങ്കിലും ജലസ്രോതസുകളുമായി ബന്ധിപ്പിക്കുന്ന പ്രവർത്തനം രണ്ടാംഘട്ടത്തിൽ പൂർത്തിയാക്കാനാണ് വാട്ടർ അതോറിട്ടി ലക്ഷ്യമിടുന്നത്.
''കുടിശിക നൽകാമെന്നും അടിസ്ഥാനനിരക്കുകൾ പുതുക്കാമെന്നും സർക്കാർ ആവർത്തിക്കുന്നതല്ലാതെ നടപടിയൊന്നുമുണ്ടായിട്ടില്ല. പണികൾ നിറുത്താൻ സർക്കാർ കരാറുകാരെ അനുവദിക്കണം.
വർഗീസ് കണ്ണമ്പള്ളി
(കേരള ഗവ.കോൺട്രാക്ടേഴ്സ് അസോ. സംസ്ഥാന പ്രസിഡന്റ് )