'വഴിയടഞ്ഞ് പറമ്പിക്കുളം' തേക്കടി - ചമ്മണാംപതി റോഡ് അനിശ്ചിതത്വത്തിൽ
'അരികുവത്കരിക്കപ്പെട്ടവരുടേത് കൂടിയാണ് സർക്കാരുകൾ' കേരളത്തിൽ മാറിമാറി എത്തുന്ന സർക്കാരുകൾ എക്കാലവും നൽകുന്ന ഈ ഉറപ്പിന് കടലാസിൽപോലും വിലയില്ലെന്നതാണ് പൊള്ളുന്ന യാഥാർത്ഥ്യം. ആദിവാസി വിഭാഗങ്ങളുടെയും പട്ടികജാതി പട്ടികവർഗ വിഭാഗക്കാരുടെയും ക്ഷേമം ലക്ഷ്യംവച്ചും അവരുടെ ഉന്നതികളിൽ അടിസ്ഥാന സൗകര്യം ഉറപ്പാക്കാനുമായി നമ്മുടെ സർക്കാരുകൾ നിരവധി പദ്ധതികൾ ആസൂത്രണം ചെയ്യുകയും അതിനായി വർഷാവർഷം കോടികൾ നീക്കിവയ്ക്കുകയും ചെയ്യാറുണ്ടെങ്കിലും അതൊന്നും പക്ഷേ യഥാർത്ഥ അവകാശികളുടെ കൈകളിലേക്ക് എത്താറില്ല. ഓരോ ദിവസം കഴിയുമ്പോഴും വനവാസികളുടേത് ഉൾപ്പെടെ അടിസ്ഥാന വർഗങ്ങളുടെ അവകാശങ്ങൾ അവരിൽ നിന്ന് അന്യവത്കരിക്കപ്പെടുകയാണ്.
മുതലമട പഞ്ചായത്തിലാണ് പറമ്പിക്കുളം. ഇവിടെത്തെ തേക്കടി, മുപ്പതേക്കർ, ഒറവൻപാടി, പെരിയചോല ഉന്നതികളിലായി 1600ലധികം ആളുകൾ താമസിക്കുന്നുണ്ട്. കൂടാതെ വനം, പൊലീസ്, വൈദ്യുതി, ജലസേചന വകുപ്പുകളിലെ ഉദ്യോഗസ്ഥരുമുണ്ട്. ഇവർ പറമ്പിക്കുളത്തേക്ക് എത്തുന്നത് ഗോവിന്ദാപുരത്തോ, ചമ്മണാംപതിയിലോ വന്ന ശേഷം തമിഴ്നാട്ടിലെ സേത്ത്മടവഴി 50 കിലോമീറ്ററോളം അധിക യാത്ര ചെയ്താണ്. വർഷങ്ങൾക്ക് മുമ്പ് തമിഴ്നാടിന്റെ ഒരു ബസ് പൊള്ളാച്ചിയിൽ നിന്ന് സർവീസ് നടത്തിയിരുന്നു, ഇപ്പോഴത് വഴിപാട് പോലെ വല്ലപ്പോഴുമാണ് സർവീസ് നടത്തുന്നത്. തുടർന്നുള്ള യാത്രയെല്ലാം ആശ്രയം ജീപ്പാണ്. രോഗികൾ, ഗർഭിണികൾ എന്നിവരെ ആശുപത്രിയിലെത്താനും വിദ്യാർത്ഥികൾക്ക് കോളേജിൽ പോകാനും വൃദ്ധർക്ക് ക്ഷേമപെൻഷൻ വാങ്ങാനും മുതലമടയിലെത്തണം. പക്ഷേ, യാത്രചെയ്യാൻ തമിഴ്നാടിന്റെ അനുമതി ആവശ്യമാണ്. ഇതുകൂടാതെ നെല്ലിയാമ്പതിയിലെത്താൻ ചുരം റോഡ് അല്ലാതെ മറ്റ് മാർഗങ്ങളുമില്ല. ഈ രണ്ട് യാത്രാ പ്രശ്നങ്ങൾക്കുമുള്ള ശാശ്വത പരിഹാരമാണ് നിർദിഷ്ട തേക്കടി - ചമ്മണാംപതി റോഡ്. അധികൃതർ പലതവണ നൽകിയ ഉറപ്പുകൾ പാഴായതോടെ തേക്കടി - ചമ്മണാംപതി റോഡ് എന്ന് യാഥാർത്ഥ്യമാകുമെന്നറിയാതെ ആശങ്കയിലാണ് പറമ്പിക്കുളത്തുകാർ.
ഡി.പി.ആർ തയ്യാറാക്കുന്നതിൽ
മെല്ലെപ്പോക്ക്
ചമ്മണാംപതി - പറമ്പിക്കുളം തേക്കടി വനപാതയുടെ ഡീറ്റെൽഡ് പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ) തയ്യാറാക്കൽ വൈകുന്നതാണ് നിലവിൽ നേരിടുന്ന പ്രതിസന്ധി. ഡി.പി.ആർ തയ്യാറാക്കി നൽകിയാൽ 10 കോടി അനുവദിക്കാമെന്ന നബാഡിന്റെ ഉറപ്പുള്ളപ്പോഴാണ് ഗ്രാമപഞ്ചായത്തിന്റെ ഈ മെല്ലെപ്പോക്ക്. ഡി.പി.ആർ തയ്യാറാക്കുന്നതിന് 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും നിർവഹണത്തിന് എൽ.എസ്.ജി.ഡി അസി. എൻജിനീയർ ഇല്ലാത്തതാണ് തടസമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. കൽപ്പനാദേവി പറയുന്നു. മാർച്ച് 31ന് മുൻപാണ് അസി. എൻജിനീയർ രണ്ടുമാസത്തെ അവധിയിൽ പ്രവേശിച്ചത്. പട്ടഞ്ചേരി ഗ്രാമപഞ്ചായത്തിലെ അസി. എൻജിനീയർക്കാണ് നിലവിൽ മുതലമടയുടെ അധികച്ചുമതല. ഡി.പി.ആർ തയ്യാറാക്കുന്നതിന് കെല്ലിനെ (കേരള ഇലക്ട്രിക്കൽ ആൻഡ് എൻജിനിയറിംഗ് കോർപ്പറേഷൻ ലിമിറ്റഡ്) ഏൽപ്പിക്കാൻ പഞ്ചായത്ത് തീരുമാനമെടുത്തിട്ടുണ്ട്.
ചെമ്മണാംപതി അടിവാരം മുതൽ തേക്കടി വെള്ളക്കൽതിട്ട് വരെ 3,325 മീറ്റർ നീളമാണ് വനപാതയ്ക്കുള്ളത്. ഗ്രാമപ്പഞ്ചായത്ത് വകയിരുത്തിയ 25 ലക്ഷംരൂപ ഉപയോഗിച്ച് 374 മീറ്ററും എം.എൽ.എ ഫണ്ടുപയോഗിച്ച് 286 മീറ്ററും മൂന്നുമീറ്റർ വീതിയിൽ കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. പാതയുടെ തെക്കേ അറ്റമായ വെള്ളക്കൽതിട്ട് മുതൽ താഴേക്ക് ഒരുകിലോമീറ്ററോളം ദൂരം 90 ഡിഗ്രിവരെ കുത്തനെയാണെന്ന് എൻജിനിയറിംഗ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഈ ഭാഗം വാഹന ഗതാഗതത്തിന് യോഗ്യമാക്കിയാൽ മാത്രമേ വനപാതകൊണ്ട് പ്രയോജനമുള്ളൂ. മഴപെയ്യുമ്പോൾ പാതയുടെ അരികുഭാഗം ഇടിഞ്ഞുവീഴാൻ സാധ്യതയുള്ളതിനാൽ അരികുഭിത്തി കെട്ടിയെങ്കിൽ മാത്രമേ പൂർണമായ ഗതാഗതത്തിന് സാധ്യമാകൂ. എന്നാൽ, മൂന്നുമീറ്റർ വീതിക്കകത്ത് ഇരു ഭാഗത്തും കെട്ടുവന്നാൽ പാതയുടെവീതി രണ്ടുമീറ്ററോളമാകും.
ഇങ്ങനെയായാൽ വാഹനങ്ങൾ തിരിയുന്നതിന് കഴിയാതെവരും. ആയതിനാൽ വനപാത പൂർണതോതിൽ ഗതാഗതയോഗ്യമാക്കാൻ ഒന്നരഹെക്ടർ സ്ഥലംകൂടി ആവശ്യമാണ്. നിലവിൽ വനാവകാശ വികസനാവകാശത്തിൽ ഉൾപ്പെടുത്തി 0.9975 ഹെക്ടറാണ് വനംവകുപ്പ് പാതയ്ക്കായി വിട്ടുനൽകിയിട്ടുള്ളത്.
മേയ് രണ്ടിന് യോഗം
ചെമ്മണാമ്പതി പറമ്പിക്കുളം തേക്കടി വനപാതയുടെ ഡി.പി.ആർ തയ്യാറാക്കൽ വൈകുന്ന പശ്ചാത്തലത്തിൽ കളക്ടർ ജി. പ്രിയങ്ക പ്രത്യേക യോഗം വിളിച്ചു. മേയ് രണ്ടിന് മൂന്നുമണിക്ക് കളക്ടറേറ്റിലാണ് യോഗം. കെ. ബാബു എം.എൽ.എ, മുതലമട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. കല്പനാദേവി, വൈസ് പ്രസിഡന്റ് എം. താജുദ്ദീൻ, സെക്രട്ടറി, അസി. എൻജിനിയർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ തുടങ്ങിയവർ പങ്കെടുക്കും.
രേഖകളിലുണ്ട് 'വനപാത'
നിലവിൽ തേക്കടി ഉന്നതിയിലെ നിവാസികൾ വനപാതയിലൂടെ പത്ത് കിലോമീറ്റർ കാൽനടയായാണ് ചമ്മണാംപതി ചെക്ക് പോസ്റ്റിലെത്തുന്നത്. ഏകദേശം ഒരു മണിക്കൂർ നടന്നാലാണ് ഇവിടെയെത്തുക. തുടർന്ന് ബസിൽ സഞ്ചരിച്ചുവേണം വിവിധ ആവശ്യങ്ങൾക്കായി കാമ്പ്രത്ത്ചള്ളയിലും കൊല്ലങ്കോടും എത്താൻ. മറ്റുള്ളവർ രണ്ടര മണിക്കൂർ ജീപ്പിൽ യാത്ര ചെയ്താണ് എത്തുന്നത്. കേരളത്തിലെ ജീപ്പ് പറമ്പിക്കുളത്തെത്താൻ തമിഴ്നാടിന്റെ വാഹന പെർമിറ്റ് എടുക്കുകയും ചെക്ക് പോസ്റ്റുകളിലെ പരിശോധനയ്ക്ക് വിധേയമാകുകയും വേണം. എന്നാൽ ബദൽ റോഡ് വന്നാൽ ഇവയ്‌ക്കെല്ലാം പരിഹാരമാകും.
തേക്കടിയിൽനിന്ന് ചമ്മണാംപതിവരെ വനപാതയുണ്ട്. 1912ൽ വനം രേഖകളിൽ ഈ പാത അടയാളപ്പെടുത്തിയിട്ടുണ്ട്. അന്ന് കുതിരപ്പുറത്ത് യാത്ര ചെയ്യാനും കാൽനടയ്ക്കും ഈ വനപാത ഉപയോഗിച്ചിരുന്നു. തേക്കടിയിൽ നിന്ന് എട്ട് കിലോമീറ്റർ ഫയർ ബെൽട്ട് നിർമ്മിച്ച പാതയിലൂടെ ജീപ്പുകൾക്ക് യാത്ര ചെയ്ത് വെള്ളക്കൽത്തട്ടയിലെത്താം. തുടർന്ന് കുത്തനെയുള്ള രണ്ട് കിലോമീറ്റർ കയറ്റിറക്കത്തിൽ മൂന്ന് ഹെയർപിൻ വളവുകളോടെ റോഡ് നിർമ്മിച്ചാൽ മലയടിവാരത്ത് എത്താം. ശേഷം നിലവിലെ റോഡിലൂടെ യാത്ര തുടരാനും കഴിയും. മരങ്ങളോ പാറക്കൂട്ടങ്ങളോ ഇല്ലാത്തതിനാൽ പരിസ്ഥിതി പ്രശ്നവും വരുന്നില്ല. ഈ സ്ഥലങ്ങളെല്ലാം സംസ്ഥാന വനം വകുപ്പിന് കീഴിലാണ്. വനം ഉദ്യോഗസ്ഥരുടെ ജീപ്പ് ഇതിലെ യാത്ര ചെയ്യാറുണ്ട്. ഈ റോഡിലൂടെ തേക്കടിയിൽനിന്ന് 28 കിലോമീറ്റർ വനപാതയിലൂടെ യാത്ര ചെയ്താൽ പെരിയ ചോല ആനമട മിന്നാംപാറ വഴി നെല്ലിയാമ്പതിയിലെത്താം. പ്രളയകാലത്ത് മണ്ണിടിച്ചിലുണ്ടായപ്പോൾ നെല്ലിയാമ്പതി ഒറ്റപ്പെട്ടിരുന്നു. ചുരം റോഡിന് ബദൽ പാത വരുന്നതോടെ ഈ പ്രശ്നവും പരിഹരിക്കപ്പെടും.