പുതിയ വീടു പണിത അതിഥി തൊഴിലാളികൾക്കൊപ്പം അർച്ചന കവി
Saturday 26 April 2025 6:00 AM IST
പുതിയ വീടിന്റെ ഗൃഹപ്രവേശം ആഘോഷമാക്കി നടി അർച്ചന കവി. വീട് പണിത അതിഥി തൊഴിലാളികൾക്കും തന്റെ കുടുംബത്തിനും ഒപ്പമുള്ള ചിത്രങ്ങളും അർച്ചന സമൂഹ മാദ്ധ്യമത്തിൽ പങ്കു വച്ചു.
വീട് എല്ലാവരുടെയും സ്വപ്നമാണ് എന്നാൽ നിങ്ങളുടെ മാതാപിതാക്കൾക്കായി ഒരു റിട്ടയർമെന്റ് ഹോം ആസൂത്രണം ചെയ്യുക എന്നത് ശരിക്കും സവിശേഷമായ ഒന്നാണ്. ഞങ്ങളുടെ ആ വീട്ടിലെ കൊച്ചു കാഴ്ചകൾ എന്ന കുറിപ്പോടെയാണ് അർച്ചന ചിത്രങ്ങൾ പങ്കുവച്ചത്.
ഗൃഹപ്രവേശത്തിന് കുരുത്തോല കൊണ്ടുള്ള അലങ്കാരമാണ് ഒരുക്കിയത്. ദീർഘനാളായി അർച്ചനയും കുടുംബവും ഡൽഹിയിൽ ആണ് താമസം. വിശ്രമജീവിതം നയിക്കാൻ കേരളത്തിലേക്ക് തിരിച്ചെത്തുകയാണ് അർച്ചനയുടെ കുടുംബം എന്ന സൂചനയാണ് പോസ്റ്റ് നൽകുന്നത്. കണ്ണൂർ ആണ് നാട്.
ടൊവിനോ തോമസ് നായകനായ ഐഡന്റിറ്റിയിലൂടെ അർച്ചന കവി സിനിമയിലേക്ക് ശക്തമായ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്.