രജനിക്കൊപ്പം വീണ്ടും ഫഹദ്,​ ജയിലർ 2ൽ സുരാജും സുജിത് ശങ്കറും

Saturday 26 April 2025 6:01 AM IST

രജനികാന്ത് - നെൽസൻ ചിത്രം ജയിലർ 2ൽ ഫഹദ് ഫാസിൽ, സുരാജ് വെഞ്ഞാറമൂട്, സുജിത് ശങ്കർ എന്നിവരും എത്തുന്നു. ചെമ്പൻ വിനോദ് നേരത്തേ ജയിലർ ക്യാമ്പിൽ എത്തി. വേട്ടയ്യനിൽ രജനികാന്തിനൊപ്പം തിളങ്ങിയ ഫഹദ് ഫാസിൽ ഇതു രണ്ടാം തവണയാണ് സ്‌റ്റൈൽ മന്നൻ നായകനാവുന്ന ചിത്രത്തിൽ. ജയിലർ 2ന്റെ രണ്ടാം ഘട്ട ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുന്നു. സുരാജ് വെഞ്ഞാറമൂട് തമിഴിൽ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ജയിലർ 2. വിക്രം നായകനായ വീരധീരസൂരനിലൂടെയാണ് സുരാജ് തമിഴിൽ എത്തുന്നത്. മഹേഷിന്റെ പ്രതികാരം. സൗദി വെള്ളക്ക, പണി തുടങ്ങി നിരവധി സിനിമകളിൽ തിളങ്ങിയ സുജിത് ശങ്കർ നേർകൊണ്ടെ പാർവൈ എന്ന ചിത്രത്തിലൂടെയാണ് മിഴ് അരങ്ങേറ്റം നടത്തുന്നത്. മഹാ, രാസാത്തി എന്നിവയാണ് മറ്റു ചിത്രങ്ങൾ. സൂര്യ ചിത്രം റെട്രോ ആണ് റിലീസിന് ഒരുങ്ങുന്നത് . അതേസമയം 2023-ൽ റിലീസ് ചെയ്ത ജയിലറിന്റെ രണ്ടാം ഭാഗമാണ് ജയിലർ 2 . 600 കോടിയിലേറെ ആഗോള തലത്തിൽ നേടുകയും ചെയ്തു. മോഹൻലാൽ, ശിവരാജ് കുമാർ,ജാക്കി ഷ്‌റോഷ് തുടങ്ങിയവരും രണ്ടാം ഭാഗത്തിൽ വന്നേക്കാം. രമ്യകൃഷ്ണൻ, വസന്ത്, സുനിൽ, തമന്ന, വിടിവി ഗണേഷ് തുടങ്ങിയവരായിരുന്നു മറ്റു താരങ്ങൾ. രജിനിയുടെ ഒടുവിൽ പുറത്തിറങ്ങിയ മൂന്നു ചിത്രങ്ങളിൽ ഏറ്റവും വിജയം നേടിയതും ജയിലർ തന്നെയായിരുന്നു. മുത്തുവേൽ പാണ്ഡ്യന്റെ രണ്ടാം വരവും ഗംഭീരമാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ.