കണ്ടൽക്കാടുകൾ നാശത്തിന്റെ വക്കിൽ

Saturday 26 April 2025 1:52 AM IST

പൂവാർ: പൊഴിക്കരയിൽ സമൃദ്ധമായിരുന്ന കണ്ടൽക്കാടുകൾ നാശത്തിന്റെ വക്കിലെന്ന് നാട്ടുകാർ. നെയ്യാർ നദി പൂവാറിലെത്തുമ്പോൾ രൂപപ്പെടുന്ന ശുദ്ധജല തടാകത്തിന്റെ ഇരുകരകളേയും ജൈവ വൈവിധ്യങ്ങളുടെ കലവറയാക്കുന്നതാണ് സമൃദ്ധമായ കണ്ടൽക്കാടുകൾ. കടൽത്തീരത്തെ പുറം കാഴ്ചകൾക്ക് പകിട്ടേക്കുന്ന ഈ കണ്ടൽക്കാടുകളാണ് നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നത്. നിരന്തരം നടക്കുന്ന കൈയേറ്റവും, മാലിന്യനിക്ഷേപവും, വികസനത്തിന്റെ പേരിൽ അടക്കമുള്ള നിർമ്മാണ പ്രവർത്തനങ്ങളുമാണ് കണ്ടൽക്കാടുകളുടെ നാശത്തിന് ഭീഷണിയാകുന്നത്.

നെയ്യാറിന്റെ കൈവഴികളായ ചകിരിയാറും മുട്ടയാറും, മനുഷ്യനിർമ്മിത എ.വി.എം കനാലും സംഗമിക്കുന്നത് പൂവാർ പൊഴിക്കരയിലാണ്. പൊഴിക്കരയിലെ ബ്രേക്ക് വാട്ടറും വിശാലമായ കണ്ടൽക്കാടുകളും സഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളാണ്. മനോഹരമായ കണ്ടൽക്കാടുകൾക്ക് ഇടയിലൂടെയുള്ള ബോട്ട് സവാരിയും അപൂർവ്വയിനം പക്ഷികളെയും മറ്റു സസ്യജീവ ജാലങ്ങളെയും കാണാനാകുമെന്നതും ഗോൾഡൻ ബീച്ചും സഞ്ചാരികൾക്ക് പ്രിയമുള്ളതാണ്. ഇതാണ് കൈയേറ്റവും അശാസ്ത്രീയ നിർമ്മാണവും മൂലം ഇല്ലാതാവുന്നത്.

കണ്ടൽക്കാടുകൾ സംരക്ഷിക്കണം

ഹോട്ടലുകളും റെസ്റ്റോറന്റുകളും ഫ്ലോട്ടിംഗ് റെസ്റ്റോറന്റുകളും ബോട്ട് യാർഡുകളും സജീവമായതും റിയൽ എസ്റ്റേറ്റ് ലോബികൾ ചതുപ്പുകളെയും കണ്ടൽക്കാടുകളെയും ചുളുവിലയ്ക്ക് തട്ടിയെടുത്ത് തരംമാറ്റുന്നതും സജീവമായതോടെ കണ്ടൽക്കാടുകൾ നാശത്തിന്റെ വക്കിലെത്തി. വികസനത്തിന്റെ പേരിലും കണ്ടൽക്കാടുകളെ വെട്ടി നശിപ്പിച്ചു. ഇവ സംരക്ഷിക്കാനും കയ്യേറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാനും അധികൃതർ തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.

ചകിരിയാറും മുട്ടയാറും

ചെറുതാകുന്നു

50 മീറ്റർ വീതിയുണ്ടായിരുന്ന ചകിരിയാറും മുട്ടയാറും ഇന്ന് പലയിടത്തും 5 മീറ്റർ പോലുമില്ല. നെയ്യാറും എ.വി.എം കനാലും വീതി കുറഞ്ഞു. ചതുപ്പുകൾ മണ്ണിട്ട് നികത്തി. കണ്ടൽകാടുകൾ വെട്ടിത്തെളിച്ചും തീയിട്ട് നശിപ്പിച്ചും നിർമ്മാണം സജീവമാക്കി. പുറമ്പോക്ക് ഭൂമികളിൽ യാതൊരു കൈവശ രേഖയുമില്ലാതെ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുമ്പോഴും കുളത്തൂർ, പൂവാർ പഞ്ചായത്ത് അധികൃതർ മൗനമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. പൊഴിക്കരയിൽ സംരക്ഷണഭിത്തി നിർമ്മാണത്തിന്റെ മറവിൽ കണ്ടൽക്കാടുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടു. മണൽ കടത്തും വ്യാപകമെന്ന് ആക്ഷേപമുണ്ട്.