കമ്മ്യൂണിക്കോർ പദ്ധതിക്ക് തുടക്കം

Friday 25 April 2025 7:55 PM IST

കണ്ണൂർ:കുടുംബശ്രീ തദ്ദേശീയ പ്രത്യേക പ്രൊജക്ട് മേഖലകളിൽ നടപ്പിലാക്കുന്ന ഭാഷ നൈപുണ്യ വികസന പദ്ധതി കമ്മ്യൂണിക്കോറിന് ആറളത്ത് തുടക്കമായി. ഇംഗ്ലീഷ് ഭാഷ നൈപുണ്യം വികസിപ്പിച്ച് തൊഴിൽമേഖലകളിലേക്ക് കുട്ടികൾക്ക് അവസരം നൽകാൻ ലക്ഷ്യമിടുന്ന പദ്ധതിയുടെ ആദ്യഘട്ടമാണ് ആറളത്ത് നടപ്പിലാക്കുന്നത്. കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ആറളത്ത് സംഘടിപ്പിച്ച കമ്മ്യൂണിക്കോർ ത്രിദിന സഹവാസ പഠന ക്യാമ്പിൽ ജില്ലാ മിഷൻ കോർഡിനേറ്റർ എം.വി.ജയൻ, അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ കെ വിജിത്ത്, സ്പെഷ്യൽ പ്രൊജക്റ്റ്‌ കോർഡിനേറ്റർ പി സനൂപ് എന്നിവർ പങ്കെടുത്തു. പുനരധിവാസ മേഖലയിലെ പന്ത്രണ്ടിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള 30 കുട്ടികളാണ് ആദ്യ ബാച്ചിൽ പങ്കെടുക്കുന്നത്. ഒരു വർഷം നീണ്ടു നിൽക്കുന്ന പരിശീലനമാണ് പദ്ധതി വഴി നടപ്പിലാക്കുന്നത്.