ശംഖുപുഷ്പം മിഴി തുറക്കുമ്പോൾ, ബീനയൊരുക്കും ​​​​​​​വിശിഷ്ട വിഭവം

Saturday 26 April 2025 12:59 AM IST

കോട്ടയം : കോട്ടയത്ത് നിന്ന് പാലായിലേക്കുള്ള യാത്രാമദ്ധ്യേയാണ് ശംഖുപുഷ്പം ബീനയുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതിന്റെ വിത്തും വാങ്ങി മടങ്ങി. വീട്ടിൽ നട്ടുവളർത്തി. ആന്റി ഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയ പൂവിൽ നിന്ന് സ്‌ക്വാഷ് തയ്യാറാക്കി. പിന്നാലെ ചായ, ജാം, പുട്ട്, ഇഡ്ഡലി, ഇടിയപ്പം തുടങ്ങി വ്യത്യസ്ത രുചിഭേദങ്ങൾ പിറവിയെടുത്തു. ആവശ്യക്കാർ ഏറെയുണ്ട്. ഡ്രൈ ഫ്ളവറും പക്കലുണ്ട്. 500 രൂപയാണ് 100 ഗ്രാമിന്റെ വില.

ശംഖുപുഷ്പത്തെ കൂടെകൂട്ടുന്നതിനു മുമ്പുതന്നെ മറ്റു പല ഉല്പന്നങ്ങളുടെയും സ്രഷ്ടാവാണ് ബീന.

മൾബറി ജാം, പൊങ്ങ് പൗഡർ, ജാതിക്കത്തെര, ഹണി സോപ്പ്, തേൻ കാന്താരി, ആടലോടക തേൻ, കുമ്പളങ്ങ ഹൽവ, റോസാപ്പൂവ് ജാം, അച്ചാർ എന്നിങ്ങനെ നീളുന്നു വിഭവങ്ങൾ. അമ്മ അച്ചാമ്മ നോബിളിൽ നിന്ന് ലഭിച്ച പാചക രഹസ്യങ്ങളാണ് ബീനയുടെ രുചിക്കൂട്ടിന്റെ രഹസ്യം. ചർമ്മ സൗന്ദര്യത്തിനായി തേൻ കൊണ്ടുള്ള ബീ വാക്‌സ് ക്രീം, ഡ്രൈ സ്‌കിൻ, ലിപ്പ് ബാം, പെയ്ൻ ബാം, ഹണി ഫേസ് പാക്ക് എന്നിവയ്ക്കും ആവശ്യക്കാരുണ്ട്.

#വിദേശത്തും ഡിമാൻഡ്

വരുമാനം 50,​000 - 80,​000

സോഷ്യൽ മീഡിയയിലൂടെയാണ് വിപണനം. വിദേശരാജ്യങ്ങളിൽ നിന്നടക്കം ഓർഡറുണ്ട്. കൊറിയർ വഴി എത്തിച്ച് നൽകും. മാസം 50,​000 - 80,​000 വരെയാണ് വരുമാനം. വിഭവ നിർമ്മാണത്തിൽ പരിശീലനം നൽകുന്ന കോഴ ആർ.എ.ടി.ടി.സി ഫാക്കൽട്ടി കൂടിയാണ് മരങ്ങാട്ടുപിള്ളി ചെമ്പകമറ്റത്തിൽ ബീന. ഡെയറി ഡെവലപ്പ്മെന്റ് ബോർഡ് റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ടോമാണ് ഭർത്താവ്. മക്കളായ ശീതൾ, അരുൺ മരുമക്കളായ മാത്യു, ആൻ എന്നിവരും പിന്തുണയുമായുണ്ട്. ഫോൺ : 9497326496.

വില

ശംഖുപുഷ്പം സ്‌ക്വാഷ് (1 ലിറ്റർ) : 350

ശംഖുപുഷ്പം സോപ്പ് : 70

`പംപ്‌കിനും ഇലഞ്ഞിപ്പൂവും ഉപയോഗിച്ച് മൂല്യവർദ്ധിത ഉത്പന്നങ്ങൾ തയ്യാറാക്കാനുള്ള ശ്രമത്തിലാണ്.'

-ബീന ടോം