പാകിസ്ഥാന്  ഒരു തുള്ളിവെള്ളം നൽകില്ല; നദീജല കരാർ മരവിപ്പിച്ചതിൽ ഉറച്ച് ഇന്ത്യ,​ കർശനമായി നടപ്പാക്കുമെന്ന് അമിത് ഷാ

Friday 25 April 2025 8:25 PM IST

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധൂ നദീജല കരാർ മരവിപ്പിച്ച നടപടിയിൽ ഉറച്ച് ഇന്ത്യ . കരാർ മരവിപ്പിച്ചത് കർശനമായി നടപ്പാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. പാകിസ്ഥാന് വെള്ളം നൽകാതിരിക്കാനുള്ള പദ്ധതി തയ്യാറെന്ന് കേന്ദ്രം വ്യക്തമാക്കി. ഹ്രസ്വകാല,​ ദീർഘകാല അടിസ്ഥാനത്തിലുള്ള മൂന്നു പദ്ധതികൾ തയ്യാറാക്കിയെന്ന് ജലശക്തി മന്ത്രി സി.ആർ. പാട്ടിൽ അറിയിച്ചു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും യോഗത്തിൽ പങ്കെടുത്തു.

കരാർ മരവിപ്പിക്കുന്നതിനെ കുറിച്ച് ലോകബാങ്കിനെ അറിയിക്കും. കരാറിൽ പരാമർശിക്കുന്ന നദികളിലെ അണക്കെട്ടുകളുടെ സംഭരണശേഷി ഉയർത്താനും യോഗം തീരുമാനിച്ചു. കരാർ മരവിപ്പിക്കുന്നതിനെ കുറിച്ച് ഇന്ത്യ കഴിഞ്ഞ ദിവസം ഔദ്യോഗികമായി പാകിസ്ഥാനെ അറിയിച്ചിരുന്നു. തീരുമാനത്തെ ജമ്മു കാശ്മീർ‌ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും നേരത്തെ സ്വാഗതം ചെയ്തിരുന്നു.

അതേസമയം ജമ്മു കാശ്മീരിൽ ഭീകരർക്കായുള്ള തെരച്ചിൽ സൈന്യം തുടരുകയാണ്. സൈന്യവും പൊലീസും ചേർന്നാണ് വീടുകളിലടക്കം പരിശോധന നടത്തുന്നത്. മുൻപ് തീവ്രവാദ കേസുകളിൽ പെട്ടവരുടെ വീടുകളിൽ അടക്കമാണ് പരിശോധന.