കടലുകാണിപ്പാറയ്ക്ക് ഭീഷണിയായി ക്വാറി മാഫിയ
അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ
പാലോട്: നന്ദിയോട് ഗ്രാമപഞ്ചായത്തിലെ കുറുപുഴ വാർഡിൽ വെമ്പിൽ മണലയത്ത് സ്ഥിതി ചെയ്യുന്ന കടലുകാണിപാറ കയ്യേറി വീണ്ടും പാറ പൊട്ടിക്കാൻ ശ്രമിക്കുന്നതായി നാട്ടുകാരുടെ പരാതി. ഒരു വർഷം മുൻപ് പാറ പൊട്ടിക്കാനുള്ള ശ്രമം നടത്തിയെങ്കിലും നാട്ടുകാരുടെ എതിർപ്പിൽ നടന്നില്ല. നൂറ്റാണ്ടുകൾ പഴക്കമുള്ള കടലുകാണിപാറയും അതിനോടു ചേർന്നുള്ള 28 ഏക്കർ സ്ഥലത്തിന്റെ ഭൂരിഭാഗവും പാറക്വാറി മാഫിയ കയ്യടക്കി. ഇതിൽ അടിയന്തര അന്വേഷണം നടത്തണമെന്നും കൈയേറിയ സ്ഥലങ്ങൾ തിരികെയേറ്റെടുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
കടലുകാണിപാറയും പ്രദേശങ്ങളും ഭൂമാഫിയ കയ്യേറുകയും പാറയോട് ചേർന്ന് ഇരുമ്പുവേലി കെട്ടുകയും ചെയ്തു. പാറയിൽ വേലി കെട്ടാനായി പാറ തുരന്നുവെങ്കിലും നാട്ടുകാരുടെ എതിർപ്പുണ്ടായതിനെ തുടർന്ന് അവസാനിപ്പിച്ചു.
പാറ പൊട്ടിക്കാൻ ശ്രമിച്ചാലുണ്ടാകുന്ന ദുരന്തം വളരെ വലുതായിരിക്കും. ഇരുന്നൂറോളം കുടുംബങ്ങൾ വഴിയാധാരമാകും. നിരവധി വീടുകൾ തകർന്ന് തരിപ്പണമാകും. കൂടാതെ ഈ പാറയുടെ അടിഭാഗങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന ജലസ്രോതസുകൾ അപ്രത്യക്ഷമാകും. മലയാൽ ചുറ്റപെട്ട പ്രദേശങ്ങളിലെ കൃഷിയിടങ്ങൾ പൂർണമായും നശിക്കും. അതിനാൽ കയ്യേറ്റം ഒഴിപ്പിച്ച് സംരക്ഷിത പ്രദേശമാക്കി ടൂറിസം സാദ്ധ്യത പ്രയോജനപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പാറ പൊട്ടിക്കുന്നതിനുള്ള അനുമതി നൽകിയിട്ടില്ലെന്നും അനധികൃതമായി കൈയേറ്റം നടന്നിട്ടുണ്ടെങ്കിൽ അടിയന്തര നടപടി സ്വീകരിക്കുമെന്നും അധികാരികൾ വ്യക്തമാക്കി.
കടലുകാണിപ്പാറ, ഭീമൻ
ചവിട്ടിയ ഐതിഹ്യപ്പെരുമ
വിനോദ സഞ്ചാര പ്രാധാന്യം ഏറെയുള്ള പ്രദേശമാണ് കടലുകാണിപ്പാറ. നന്ദിയോട് പഞ്ചായത്തിലെ ഏറ്റവും ഉയരമുള്ള പ്രദേശം കൂടിയാണ് ഇവിടം. ഭീമൻ ചവിട്ടി എന്ന് ഐതിഹ്യമുള്ള പാറ സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. പത്തടിയോളം താഴ്ചയിലുള്ള പാറക്കുള്ളിലെ കുളവും ഇവിടെയുണ്ട്. കൊടിയ വേനലിൽ പോലും വറ്റാത്ത പ്രകൃതി നൽകിയ ജലസംഭരണിയാണ് ഇവിടം. കുളത്തിന്റെ അടിഭാഗത്തായി കാൽപാദം പതിഞ്ഞതു പോലുള്ള അടയാളം കാണാം. അതിനാലാണ് ഭീമൻ ചവിട്ടിയ പാറ എന്നിവിടെ അറിയപ്പെടുന്നത്. ആനപ്പാറ, ചരിഞ്ഞ ഗുഹ എന്നിങ്ങനെയുള്ള വിസ്മയ കാഴ്ചകൾ സമ്മാനിക്കുന്ന പാറശേഖരവും ഇവിടെയാണ്.